'ബീഫ് ബിരിയാണിയും ധ്വജ പ്രണാമവും വേണ്ട'; ഷെയ്ൻ നിഗത്തിന്റെ ഹാൽ സിനിമയ്ക്ക് സെൻസർബോർഡിന്റെ കടുംവെട്ട്

15 സീനുകളിലാണ് സെന്‍സര്‍ ബോര്‍ഡ് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്. ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം എന്നാണ് സിബിഎഫ്‌സി ആവശ്യപ്പെട്ടിരിക്കുന്നത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങളും നീക്കണമെന്നും നിര്‍ദേശമുണ്ട്.

ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്സി അറിയിച്ചു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്.

സിബിഎഫ്സി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജെ വി ജെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സിനിമയില്‍ ന്യൂഡിറ്റിയോ വയലന്‍സോ ഇല്ലാത്ത സിനിമയ്ക്ക് എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ ചോദിക്കുന്നു. സമൂഹത്തിലെ ചില പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇവര്‍ പറയുന്നു.

ഈ വര്‍ഷം പുറത്തിറങ്ങിയ എമ്പുരാന്‍, ജെ എസ് കെ എന്നീ ചിത്രങ്ങളിലും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് മലയാള സിനിമാ മേഖലയില്‍ നിന്നും ഉണ്ടായിരുന്നത്.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഹാലില്‍ ഷെയ്ന്‍ നിഗത്തിനൊപ്പം സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്.

സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ബോളിവുഡ് മ്യൂസിക് ഡയറക്ടര്‍ അങ്കിത് തിവാരിയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഹാലിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന സിനിമയാണ് ഹാല്‍.

Content Highlights: Censor Board ask for cuts in 15 scenes in Shane Nigam's Haal movie

To advertise here,contact us