വിഎഫ്എക്സിലെ പിഴവല്ല, രണ്ട് പേർക്കും കാലിൽ എന്തോ സംഭവിച്ചിട്ടുണ്ട്; 'പാട്രിയറ്റ്' ടീസർ ഡീകോഡ് ചെയ്ത് ആരാധകർ

ടീസറിലെ വിഎഫ്എക്സിനെ ചൂണ്ടിക്കാണിച്ചാണ് വിമർശനങ്ങൾ ഉയരുന്നത്

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ഇന്ന് പുറത്തുവന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ടീസറിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് നടന്നുവരുന്ന ഷോട്ട് ഇതിനോടകം വൈറലാണ്. അതേസമയം, ചില വിമർശനങ്ങളും ടീസറിന് നേരെ ഉയരുന്നുണ്ട്.

ടീസറിലെ വിഎഫ്എക്സിനെ ചൂണ്ടിക്കാണിച്ചാണ് വിമർശനങ്ങൾ ഉയരുന്നത്. ഒരു ഫൈറ്റ് സീനിൽ മമ്മൂട്ടിയുടെ കാലുകൾ കാണുന്നില്ലെന്നും മോശം വിഎഫ്എക്സ് ഫൈറ്റുകളുടെ ഇമ്പാക്റ്റ് കുറയ്ക്കും എന്നാണ് കമന്റുകൾ. എന്നാൽ ഇപ്പോൾ ടീസറിന് പിന്നാലെ മമ്മൂട്ടി-മോഹൻലാൽ കഥാപാത്രങ്ങളുടെ ഒരു പ്രത്യേകത കണ്ടുപിടിച്ചിരിക്കുകയാണ് ആരാധകർ. രണ്ട് കഥാപാത്രങ്ങളുടെ കാലുകൾക്കും വൈകല്യമുള്ളതായിട്ടാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. ടീസറിൽ ഉടനീളം മോഹൻലാലിൻറെ കഥാപാത്രം ഒരു വോക്കിങ് സ്റ്റിക്ക് ഉപയോഗിക്കുന്നത് കാണാം. അതോടൊപ്പം ടീസറിലെ ഒരു ഷോട്ട് ശ്രദ്ധിച്ചുനോക്കിയാൽ മമ്മൂട്ടിയുടെ കഥാപാത്രം ഒരു പ്രോസ്തെറ്റിക് ലെഗ് ഉപയോഗിച്ചിരിക്കുന്നതും കാണാം. ഏതെങ്കിലും മിഷന്റെ ഭാഗമായി ഇരുവരുടെ കാലുകൾക്കും എന്തെങ്കിലും സംഭവിച്ചതാകാം എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

മലയാളം ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന. ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചേരുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. സുഷിൻ ശ്യാമിൻ്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ തകർപ്പൻ ദൃശ്യങ്ങളും ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നുണ്ട്.

" രണ്ടാൾക്കും കാലിൽ എന്തോ ഇഷ്യുസ്....ഉണ്ട്..!! കാര്യമായി എന്തോ ഒരു വലിയ സംഭവം ഇവരുടെ ജീവതത്തിൽ നടന്നിട്ടുണ്ട്..!!#Patriot - #Mammootty #Mohanlal pic.twitter.com/hhNrYUf2mk

മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, സെറിൻ ഷിഹാബ്, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

Content Highlights: mammootty-Mohanlal film Patriot teaser decoded

To advertise here,contact us