സാമൂഹികമാധ്യമങ്ങളില് വീണ്ടും ചര്ച്ചയായി ടോം ഇമ്മട്ടിയുടെ സംവിധാനത്തില് 2017-ല് പുറത്തിറങ്ങിയ 'ഒരു മെക്സിക്കന് അപാരത' എന്ന ചിത്രം. ചിത്രത്തില് അഭിനയിച്ച സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്റെ തുറന്നുപറച്ചിലാണ് പുതിയ ചര്ച്ചകള്ക്ക് വഴിവെച്ചത്. മഹാരാജാസ് കോളേജിലെ കെഎസ്യുവിന്റെ വിജയകഥ സിനിമയായപ്പോള് വാണിജ്യവിജയത്തിനുവേണ്ടി ചരിത്രംമാറ്റിയെഴുതി എന്നായിരുന്നു രൂപേഷിന്റെ വെളിപ്പെടുത്തല്. താനാണ് മാറ്റം നിര്ദേശിച്ചതെന്നും രൂപേഷ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് പറഞ്ഞു. സിനിമ വിജയിക്കണമെങ്കില് കെഎസ്യുക്കാരന്റെ കഥ ഇടതുപശ്ചാത്തലത്തിലേക്ക് മാറ്റാന് താന് നിര്ദേശിക്കുകയായിരുന്നുവെന്നാണ് രൂപേഷ് പറഞ്ഞത്.
ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് സംവിധായകൻ ടോം ഇമ്മട്ടി. ആദ്യം മുതൽ സിനിമയുടെ കളർ ചുവപ്പ് തന്നെ ആയിരുന്നു എന്നും മാർക്കറ്റ് വാല്യൂവിന്റെ പേരിൽ കഥ മാറ്റിയതല്ല എന്നും ടോം റിപ്പോർട്ടറിനോട് പ്രതികരിച്ചു. 'മഹാരാജാസ് കോളേജിനെ പശ്ചാത്തലമാക്കിയോ ഒരു വിഷയത്തെ അടിസ്ഥാനമാക്കിയോ ചെയ്ത സിനിമയല്ല ഒരു മെക്സിക്കൻ അപാരത. ഞാൻ പഠിച്ച ക്രൈസ്റ്റ് കോളേജിൽ നടക്കുന്ന ഒരു സംഭവമായിട്ടാണ് ഞാൻ ആണ് സിനിമയെ രൂപകൽപന ചെയ്തത്. തുടക്കം മുതൽ എസ്എഫ്ഐയുടെ കഥ തന്നെയാണ് അത്. മാർക്കറ്റ് വാല്യൂവിന്റെ പേരിൽ കഥ മാറ്റിയതല്ല. വിപ്ലവം തന്നെയാണ് പറയാൻ ആഗ്രഹിച്ചത്. സിനിമയുടെ കളർ തുടക്കം മുതൽ ചുവപ്പ് തന്നെയാണ്', ടോം ഇമ്മട്ടി പറഞ്ഞു.
നേരത്തെ രൂപേഷിനെ പിന്തുണച്ച് യഥാര്ഥ കഥയിലെ നായകനും നടനുമായ ജിനോ ജോൺ രംഗത്തെത്തിയിരുന്നു. രൂപേഷ് പറഞ്ഞത് തന്നെയാണ് ശരിയെന്നും തന്റെ സുഹൃത്തായ ടോം ഇമ്മട്ടി പറയുന്നത് നുണയാണെന്നും ജിനോ ജോൺ പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റ് പങ്കിട്ടാണ് ജിനോയുടെ പ്രതികരണം.
Content Highlights: Tom emmatti about mexican aparatha controversy