വിജയ്യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം ഒട്ടേറെ പേർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. 'കരൂരിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നു. പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖവും നേരുന്നു,' മോഹൻലാൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചാണ് മോഹൻലാലിന്റെ പ്രതികരണം.
ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരിൽ വിജയ്യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയില് പങ്കെടുക്കാന് ആറ് മണിക്കൂര് വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്ക്ക് വിജയ് വെള്ളക്കുപ്പികള് എറിഞ്ഞു കൊടുക്കാന് ശ്രമിച്ചിരുന്നു. ഇത് പിടിക്കാന് ആളുകള് ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. കരൂര് ദുരന്തത്തില് 17 സ്ത്രീകളും അഞ്ച് പെണ്കുട്ടികളും നാല് ആണ്കുട്ടികളും ഉള്പ്പെടെ 39 പേര്ക്കാണ് ജീവന് നഷ്ടമായത്.
111 പേര് ചികിത്സയില് തുടരുകയാണ്. 50 പേര് കരൂര് ഗവണ്മെന്റ് മെഡിക്കല് കോളേജിലും 61 പേര് സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ദുരന്തത്തില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് പത്തുലക്ഷം രൂപ വീതം നല്കുമെന്ന് തമിഴ്നാട് സര്ക്കാര് അറിയിച്ചിരുന്നു. പരിക്കേറ്റവരുടെ കുടുംബങ്ങള്ക്ക് ഒരുലക്ഷം രൂപ വീതവും നല്കും.
Content Highlights: Mohanlal expresses condolences over Karur tragedy