ഷെയിൻ നിഗം നായകനായി എത്തുന്ന 'ബൾട്ടി'ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും കബഡി ചുവടുകളിലൂടെയുള്ള സംഘട്ടന രംഗങ്ങൾ കൊണ്ടും തന്റെ ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര കാഴ്ച്ചാനുഭവം നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
മികച്ച അഭിപ്രായങ്ങൾ നേടുന്ന സിനിമയ്ക്ക് കളക്ഷനിലും മേൽകൈ ലഭിക്കുന്നുണ്ട്. ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ നിന്ന് 85 ലക്ഷമാണ് സിനിമ നേടിയത്. ബുക്ക് മൈ ഷോയിലും ടിക്കറ്റ് വില്പനയിൽ സിനിമയ്ക്ക് കുതിപ്പുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ഷെയിൻ നിഗത്തിന്റെ പ്രകടനത്തിനും സിനിമയുടെ മേക്കിങ്ങിനും കയ്യടി ലഭിക്കുന്നുണ്ട്. സിനിമയിലെ ആക്ഷൻ സീനുകൾ ഗംഭീരമാണെന്നും അഭിപ്രായങ്ങളുണ്ട്. 'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് ബൾട്ടിക്കായി സംഗീതം ഒരുക്കുന്നത്. സായിയുടെ സംഗീതത്തിനും നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം നിർമിച്ചത്.
കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. തമിഴും മലയാളവും ഇടകലർന്ന പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയിൽ കബഡിയും സൗഹൃദവും പ്രണയവും സംഘർഷവും പശ്ചാത്തലമായി വരുന്നുണ്ട്. ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബൾട്ടി. ഷെയ്ൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും എത്തുന്നുണ്ട്.
Content Highlights: Shane Nigam film Balti collects big at box office