'ദൃശ്യം' സിനിമയുടെ സെറ്റിൽ സാഹിബ് ഫാൽക്കേ അവാർഡ് നേടിയ മോഹൻലാലിനെ പൊന്നാട അണിയിച്ച് നടി മീന. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ഒപ്പം കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. എല്ലാവരും കഥാപാത്രങ്ങളുടെ വേഷത്തിലാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അൻസിബ ഹസ്സൻ, എസ്തർ, ഇർഷാദ്, ജീത്തു ജോസഫ്, സിദ്ധു പനയ്ക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. മീന ഇൻസ്റ്റാഗ്രാമിൽ ഒരു ചെറിയ കുറിപ്പും പങ്കുവെച്ചിരുന്നു.
'ലാലേട്ടനെ ഒരു സഹതാരമെന്ന് വിളിക്കുന്നത് ബഹുമതിയാണ്, എന്നാൽ അദ്ദേഹത്തെ ഒരു സുഹൃത്തെന്ന് വിളിക്കുന്നത് അനുഗ്രഹവും. അദ്ദേഹത്തിന്റെ അർപ്പണബോധവും പ്രതിഭയും ഓരോ കഥാപാത്രങ്ങളിലും ശോഭിക്കുന്നു. സൗഹൃദത്തിന്റെയും സിനിമയുടെയും ഈ മനോഹരമായ യാത്രയിലെ മറ്റൊരു അധ്യായമാണ് ദൃശ്യം. ലാലേട്ടാ, നിങ്ങളെക്കുറിച്ച് വലിയ അഭിമാനമുണ്ട്. ദൃശ്യം മൂന്നാം ഭാഗത്തിനായി വലിയ ആകാംക്ഷയിലാണ്', മീന കുറിച്ചു.
വാഗമൺ മേഖലകളിലും ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. തൊടുപുഴയിൽ 30 ദിവസത്തെ ഷെഡ്യൂൾ ആണ് നിലവിൽ ഉള്ളത്. ഈ ആഴ്ച തുടക്കത്തിൽ ആരംഭിക്കാനിരുന്ന ഷൂട്ടിങ് മോഹൻലാലിന്റെ പുരസ്കാരച്ചടങ്ങിനെ തുടർന്ന് നീട്ടുകയായിരുന്നു. ഇന്ന് രാത്രിയോടെ മോഹൻലാൽ ഷൂട്ടിങ്ങിനായി തൊടുപുഴയിൽ എത്തുമെന്നാണ് സൂചന.
മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
Content Highlights: Meena and whole cast and crew celebrates mohanlals award