ബോക്സ് ഓഫീസിൽ 450 കോടി കടന്ന സിനിമയുടെ ബജറ്റ് 14 കോടി, തന്റെ ഏറ്റവും വലിയ ചിത്രം കാന്താര ആണെന്ന് റിഷബ് ഷെട്ടി

500 കോടി ക്ലബ്, ആയിരം കോടി ക്ലബ് എന്ന ചിന്തയൊന്നും ഞങ്ങൾക്കില്ല. ഞങ്ങൾക്ക് പ്രേക്ഷകരുടെ ക്ലബിന്റെ ഭാഗമായാൽ മതി

സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1. റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. എന്നാൽ കാന്താരയുടെ ആദ്യ ഭാഗത്തിന്റെ ബജറ്റ് 14 കോടി ആയിരുന്നുവെന്ന് പറയുകയാണ് റിഷബ്. തന്റെ ആദ്യത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്നു അതെന്നും എന്നാൽ സിനിമയുടെ കളക്ഷൻ വെച്ചാണ് സിനിമ ചെറിയ ബജറ്റ് എന്ന് പറഞ്ഞിരുന്നതെന്നും റിഷബ് ഷെട്ടി പറഞ്ഞു. കാന്താര ചാപ്റ്റർ 1 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു നടന്റെ പ്രതികരണം.

'ബോക്സോഫീസിലെ നമ്പർ ഗെയിം എന്നെ ആകർഷിക്കുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം അന്ന് കാന്താരയായിരുന്നു. ഒരു നായകനായും സംവിധായകനായും അത്രയും വലിയ ബജറ്റുള്ള സിനിമകളിൽ ഞാൻ പ്രവർത്തിച്ചിരുന്നില്ല. ഒരു മൂന്നര-നാല് കോടി അതായിരുന്നു ഞാൻ ചെയ്തതിൽ വച്ച് ഏറ്റവും കൂടിയ ബജറ്റ്. ആദ്യമായി 14-15 കോടി പടം എന്നത് എനിക്ക് വലിയ സമ്മർദ്ദം തന്നെയായിരുന്നു. കാന്താരയുടെ റിലീസിന് ശേഷം എല്ലാവരും ഇത് ചെറിയ ബജറ്റ് സിനിമ എന്നാണ് പറഞ്ഞിരുന്നത്. കാരണം അത് ബോക്സ് ഓഫീസിൽ നേടിയ കളക്ഷൻ 400-450 കോടിയായിരുന്നു, അത് വച്ചാണ് കാന്താര ഒരു ചെറിയ ബജറ്റ് ചിത്രമാണ് എന്ന് പറഞ്ഞിരുന്നത്. പക്ഷേ എനിക്ക് വലിയ ടെൻഷനായിരുന്നു,. ഈ നമ്പർ ഗെയിമിന്റെ ഭാഗമാകാൻ അങ്ങനെ എപ്പോഴും സാധിക്കില്ല.

500 കോടി ക്ലബ്, ആയിരം കോടി ക്ലബ് എന്ന ചിന്തയൊന്നും ഞങ്ങൾക്കില്ല. ഞങ്ങൾക്ക് പ്രേക്ഷകരുടെ ക്ലബിന്റെ ഭാഗമായാൽ മതി. ഞങ്ങൾക്ക് ഒരു സിനിമ നിങ്ങൾക്ക് നൽകാനാകും എന്നാലത് വലുതോ ചെറുതോ ആക്കുന്നത് നിങ്ങളാണ്. കാന്താര, സു ഫ്രം സോ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ലോക എന്ന സിനിമ മലയാളവും കടന്ന് ലോകത്തുടനീളം ചർച്ചയായി മാറിയതും നിങ്ങൾ കണ്ടതല്ലേ. എല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. കാന്താരയെ നിങ്ങൾ ലോകവ്യാപകമായി സ്വീകരിച്ചെങ്കിലും അതിന്റെ സമ്മർദ്ദം ഞാൻ കൊണ്ടുനടന്നാൽ അത് ആ സിനിമയോട് ചെയ്യുന്ന അനീതിയാകും. പകരം അത് ഒരു ഉത്തരവാദിത്തമായി കണ്ട് കുറേക്കൂടി കഠിനപ്രയത്നം ചെയ്ത്, അതിനുള്ള പരിശ്രമങ്ങൾ എടുത്ത് നിങ്ങൾക്ക് ഒരു നല്ല സിനിമ തന്നെ വീണ്ടും നൽകണം. കാന്താര 2-ൽ ഞങ്ങളെല്ലാം കഠിനമായി പ്രയത്നിച്ചിട്ടുണ്ട്. മൂന്ന് വർഷം ഈ സിനിമയ്ക്കായി ഞങ്ങളെ നൽകി. ഇനി നിങ്ങളാണ് പറയേണ്ടത്', റിഷബ് ഷെട്ടി പറഞ്ഞു.

ആദ്യം ഭാഗത്തേത് പോലെ തന്നെ മിത്തും ആക്ഷനും ത്രില്ലും എല്ലാം കൂടിക്കലർന്നാകും കാന്താര അവതരിപ്പിക്കുക. മലയാളികളുടെ പ്രിയതാരം ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റിഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ഒരുങ്ങുന്നതിനാൽ പ്രതീക്ഷകൾ വാനോളമാണ്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

Content Highlights: Rishabh Shetty says Kanthara is his biggest film

To advertise here,contact us