'തെറ്റ് പറ്റിയതില്‍ മാപ്പ് ചോദിക്കുന്നു' ക്ഷമാപണവുമായി വിവാദ ഇന്റര്‍വ്യൂവിലെ അവതാരക രംഗത്ത്

പറ്റിപ്പോയ തെറ്റിന് ഏവരോടും മാപ്പ് ചോദിച്ചായിരുന്നു നൈനിഷ വീഡിയോ അവസാനിപ്പിച്ചത്

dot image

കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ഏറെ വിവാദത്തിന് വഴി തെളിച്ച ഇന്റര്‍വ്യൂവിലെ അവതാരക ക്ഷമാപണവുമായി രംഗത്തെത്തി. ഓണ്‍ലൈന്‍ യൂട്യൂബ് ചാനലില്‍ നടന്ന ഇന്റര്‍വ്യൂവില്‍ ഒളിഞ്ഞ് നോട്ടത്തെ അനുകൂലിച്ച് സംസാരിച്ചതിനെതിരെ നിരവധി ആളുകള്‍ വിമർശനമുന്നയിച്ചതിനെ തുടർന്നാണ് നൈനിഷ എന്ന അവതാരക ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്.സ്ട്രീമിംഗ് ആപ്പിലൂടെ കുപ്രസിദ്ധി നേടിയ മമ്മൂവെന്ന യുവാവിനെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ അയാൾ നടത്തിയ വിവാ​ദ പരാമർശത്തെ അവതാരക അനുകൂലിച്ചതായിരുന്നു വിവാദത്തിന്‍റെ തുടക്കം.

മമ്മൂസിനെ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ അയാള്‍ കുളിമുറികളില്‍ ഒളിഞ്ഞ് നോക്കാറുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിനെ ഏറ്റവും നിസ്സാരവത്കരിച്ചുകൊണ്ടും, പിന്തുണ നല്‍കിക്കൊണ്ടും സംസാരിച്ച അവതാരികയെയും, മമ്മൂവിനെയും ആളുകള്‍ കണക്കിന് വിമര്‍ശിച്ചു. ഒളിഞ്ഞ് നോട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഇന്റർവ്യൂ പിന്നീട് ഓൺലൈൻ ചാനൽ ഡിലീറ്റ് ചെയ്തെങ്കിലും, അതിന് മുന്നേ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സംഭവം വിവാദമായതോടെ തന്റെ ഭാഗത്തെ തെറ്റ് അംഗീകരിച്ചുകൊണ്ട് ക്ഷമാപണം നടത്തുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നൈനിഷ എന്ന ആങ്കർ. നൈനിഷയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് കമന്റ് ബോക്‌സില്‍ എത്തിയിരിക്കുന്നത്.

'ഞാനൊരു ക്ഷമ ചോദിക്കാനാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരുപാട് അഭിമുഖങ്ങള്‍ മുന്‍പും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമായാണ് ഉണ്ടാകുന്നത്.' എന്ന് പറഞ്ഞായിരുന്നു അവതാരകയായ നൈനിഷ വീഡിയോ ആരംഭിച്ചത്. പിന്നീട് സംഭവിച്ച കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുകയും, തനിക്ക് ആ അവസരത്തെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. താനും ഒരു സ്ത്രീയാണെന്നും ചെയ്ത് പോയതില്‍ സങ്കടമുണ്ടെന്നും, ആ അവസരത്തില്‍ മോശമായി പെരുമാറി എന്നും നൈനിഷ വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു. പറ്റിപ്പോയ തെറ്റിന് ഏവരോടും മാപ്പ് ചോദിച്ചായിരുന്നു നൈനിഷ വീഡിയോ അവസാനിപ്പിച്ചത്.

Content Highlight; Anchor Apologizes After Interview Controversy

dot image
To advertise here,contact us
dot image