പഹൽഗാം ആക്രമണത്തെ തുടര്ന്ന് പാകിസ്താനെതിരെ ഇന്ത്യ നടത്തുന്ന തിരിച്ചടികളിൽ പ്രതികരണവുമായി നടൻ ജയസൂര്യ. ഇന്ത്യയുടെ ദേഹത്ത് തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കുമെന്നായിരുന്നു നടന്റെ പ്രതികരണം. കൊല്ലം കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾ ഉടൻ തന്നെ പരിഹരിക്കപ്പെടാൻ പ്രാർഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രോത്സവത്തിൽ സംസാരിച്ചുകൊണ്ടിരിക്കവേ നടനോട് കാണികളിൽ ഒരാൾ ആട് എന്ന ചിത്രത്തിലെ ഡയലോഗ് പറയാൻ ആവശ്യപ്പെട്ടു. തുടർന്നാണ് വിഷയത്തെക്കുറിച്ച് നടൻ പരാമർശം നടത്തിയത്.
‘ആട് സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. എന്റെ ദേഹത്തു തൊട്ടാൽ പിന്നെ അവന്റെ വിധി എഴുതുന്നത് പാപ്പനായിരിക്കുമെന്ന്. അത് പോലെ ഇന്ത്യയുടെ ദേഹത്ത് തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും.അതുപോലെയാണ് കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. കാരണം അങ്ങനെ വലിയൊരു ഇന്ത്യ- പാകിസ്താൻ യുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്. തീർച്ചയായും അതൊക്കെ ഉടൻ തന്നെ പരിഹരിക്കപ്പെടാൻ നമുക്കും പ്രാർഥിക്കാം,' എന്ന് ജയസൂര്യ പറഞ്ഞു.
Content Highlights: Actor Jayasurya comments on Indian military action