യുദ്ധവാർത്തകൾ അവഗണിച്ച് ആഭ്യന്തര വിപണിയുടെ മുന്നേറ്റം; പിന്നിലെ രഹസ്യം ഇതാണ്...

ഐടി മേഖലയിൽ പാദഫലങ്ങൾക്ക് ശേഷം നിക്ഷേപകരുടെ ശ്രദ്ധ വർധിച്ചതും വിപണിക്ക് പിന്തുണയായി

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധ സംഘർഷങ്ങളും ആശങ്കകളും തുടരുമ്പോഴും ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ മുന്നേറിയത് നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സാധാരണയായി ഇത്തരം ആഗോള അനിശ്ചിതത്വങ്ങൾ വിപണിയിൽ വിൽപ്പനാ സമ്മർദ്ദം സൃഷ്ടിക്കാറുണ്ടെങ്കിലും, ഇത്തവണ നിഫ്റ്റി മുന്നേറാൻ നിരവധി ഘടകങ്ങൾ സഹായിച്ചു.

ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം യുദ്ധ വാർത്തകൾ മാത്രം അടിസ്ഥാനമാക്കിയല്ല നീങ്ങുന്നത്. ആ സംഘർഷം സമ്പദ്‌വ്യവസ്ഥയെ എത്രത്തോളം ബാധിക്കും എന്നതാണ് നിക്ഷേപകർ പ്രധാനമായി വിലയിരുത്തുന്നത്. നിലവിലെ സാഹചര്യത്തിൽ വലിയ സാമ്പത്തിക തിരിച്ചടിയുടെ സൂചനകൾ ഇല്ലാത്തതിനാൽ നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിർത്താനായി.

സംഘർഷ സാഹചര്യം നേരത്തെ തന്നെ വിപണി കണക്കിലെടുത്തിരുന്നതിനാൽ പുതിയ വാർത്തകളിൽ വലിയ പ്രതികരണം ഉണ്ടായില്ല. പ്രതീക്ഷിച്ചതിലും ഗുരുതരമായ സാഹചര്യം രൂപപ്പെടാത്തത് വില്പനാ സമ്മർദ്ദം കുറയ്ക്കുകയും നിക്ഷേപകരെ വീണ്ടും വാങ്ങലിലേക്ക് നയിക്കുകയും ചെയ്തു.

ഇന്ത്യൻ വിപണിക്ക് ഏറ്റവും നിർണായകമായ ഘടകമായ ക്രൂഡ് ഓയിൽ വിലയിലെ സ്ഥിരതയും വലിയ ആശ്വാസമായി. ഇന്ത്യ എണ്ണ ഇറക്കുമതിയിൽ ആശ്രയിക്കുന്നതിനാൽ എണ്ണവില കുത്തനെ ഉയർന്നാൽ പണപ്പെരുപ്പവും കമ്പനികളുടെ ഉൽപ്പാദന ചെലവും വർധിക്കാം. എന്നാൽ വില കുതിച്ചുയരാത്തത് ആശങ്കകൾ കുറച്ചു. 

ഇതിലൊക്കെ ഉപരിയായി ഐടി മേഖലയിലെ മുന്നേറ്റം വിപണിക്ക് വലിയ പിന്തുണ നൽകിയിട്ടുണ്ട്. പ്രമുഖ ഐടി കമ്പനികളുടെ പാദഫലങ്ങൾ പ്രതീക്ഷകൾക്ക് അനുകൂലമായതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിച്ചു. പ്രത്യേകിച്ച് ടിസിഎസിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ ഐടി ഓഹരികളിൽ വാങ്ങൽ വർധിക്കുകയും നിഫ്റ്റി ഐടി സൂചിക ശക്തമായ നേട്ടം രേഖപ്പെടുത്തുകയും ചെയ്തു. ഇന്നത്തെ വ്യാപാരത്തിൽ 4 ശതമാനം മുന്നേറ്റമാണ് സൂചിക പ്രകടമാക്കിയത്.

ടിസിഎസ് ഫലങ്ങളിൽ വരുമാന വളർച്ചയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ നിന്നുള്ള മുന്നേറ്റവും നിക്ഷേപകരുടെ ശ്രദ്ധ നേടി. ഇതോടെ ഐടി മേഖലയിലെ മറ്റ് പ്രമുഖ കമ്പനികളായ ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്, വിപ്രോ തുടങ്ങിയ ഓഹരികളിലും പോസിറ്റീവ് വികാരം പ്രകടമായി.

വിദേശ നിക്ഷേപകരുടെയും ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെയും പിന്തുണയാണ് മറ്റൊരു ഘടകം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വിദേശ നിക്ഷേപകർ കഴിഞ്ഞ ഒരാഴ്ച്ചയിൽ തന്നെ 1 ബില്യൺ ഡോളറിലധികമാണ് ഇന്ത്യൻ ഓഹരികളിലേക്ക് ഒഴുക്കിയത് . ഇത് 2025 ജൂൺ ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര വാങ്ങലായാണ് വിലയിരുത്തപ്പെടുന്നത്., വിദേശ നിക്ഷേപകരുടെ ഈ തിരിച്ചുവരവിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ഇന്ത്യൻ വിപണിയിലെ ചില ഓഹരികളുടെ മൂല്യനിർണയം കൂടുതൽ ആകർഷകമായതും, മികച്ച കമ്പനികളിൽ അവസരം കണ്ടെത്തിയതും നിക്ഷേപകരെ വീണ്ടും വാങ്ങലിലേക്ക് നയിച്ചു.

ബാങ്കിങ്, ഫിനാൻഷ്യൽ മേഖലകളിലേക്കും വിദേശ നിക്ഷേപ താൽപര്യം വർധിച്ചിട്ടുണ്ട്. അനുകൂല നയ നടപടികളും സ്ഥിരതയുള്ള വരുമാന പ്രതീക്ഷകളും കാരണം ബാങ്ക് ഓഹരികളിൽ വിദേശ നിക്ഷേപം ശക്തമായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ആഗോള സംഘർഷ സാഹചര്യം ഇപ്പോഴും വിപണിക്ക് ഒരു പ്രധാന റിസ്കാണ്. വരും ദിവസങ്ങളിൽ ഐടി കമ്പനികളുടെ തുടർ ഫലങ്ങൾ, എണ്ണവിലയുടെ നീക്കം, ആഗോള വിപണി പ്രവണതകൾ എന്നിവയായിരിക്കും നിഫ്റ്റിയുടെ ദിശ നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

Indian stock markets gained despite ongoing global war tensions, surprising many investors who expected a risk-off reaction.

To advertise here,contact us