പരസ്യം തെറ്റിദ്ധരിപ്പിക്കുന്നു; ലോട്ടെ ഇന്ത്യ, ഫേണ്‍സ് &പെറ്റല്‍സ്, കുബേര ഫുഡ്‌സ് എന്നിവയ്ക്ക് FSSAI നോട്ടീസ്

വിശദീകണത്തിനായി കമ്പനികള്‍ക്ക് 7 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്നാരോപിച്ച് ലോട്ടെ ഇന്ത്യ (Lotte India), ഫേണ്‍സ് എന്‍ പെറ്റല്‍സ് (Ferns N Petals), കുബേര ഫുഡ്‌സ് (Kubera Foods) എന്നീ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ. വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവാദങ്ങളും ലേബലിംഗ് ചട്ടങ്ങളുടെ ലംഘനവും നടത്തിയെന്നാരോപിച്ചാണ് നടപടി.

വിശദീകണത്തിനായി കമ്പനികള്‍ക്ക് 7 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. FSSAIയുടെ പരിശോധനയില്‍ ലോട്ടെ ഇന്ത്യയുടെ നിരവധി ഉല്‍പ്പന്നങ്ങളില്‍ ചട്ടലംഘനങ്ങള്‍ കണ്ടെത്തി. കമ്പനിയുടെ പഴയ പേര് 'Lotte India Corporation Ltd' പ്രിന്റ് ചെയ്ത ലേബലുകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ലോട്ടെ ചോക്കോ പൈ മാഷ്മല്ലോ, ലോട്ടെ ചോക്കോ പൈ റിയല്‍ ഓറഞ്ച്, ലോട്ടെ ചോക്കോ പൈ ചോക്കോ ബേസ്റ്റ് എന്നീ ഉല്‍പ്പന്നങ്ങളില്‍ '100% വെജിറ്റേറിയന്‍' എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.

പെപ്പറോ ക്രഞ്ചി ബിസ്‌ക്കറ്റ് സ്റ്റിക്ക്‌സ്, പെപ്പറോ ബിസ്‌ക്കറ്റ് സ്റ്റിക്ക്‌സ് എന്നിവയില്‍ പോഷകവിവരങ്ങള്‍ നിയമപ്രകാരം നല്‍കാത്തതായി കണ്ടെത്തി. ലി ബിസ് ലോലിപ്പോപ്പ്് (ഓറഞ്ച്, സ്‌ട്രോബെറി, കച്ച മാങ്ങ ഫ്‌ലേവറുകള്‍) ഉല്‍പ്പന്നത്തിലെ വിറ്റാമിന്‍ അളവ് എഫ്എസ്എസ്എഐ മാനദണ്ഡങ്ങള്‍ അനുസരിക്കുന്നില്ല. ഫ്രൂട്ട്‌സ് എക്ലേയേഴ്‌സ് (മാങ്ങ, ഓറഞ്ച്, സ്‌ട്രോബെറി ഫ്‌ലേവറുകള്‍) എന്ന ഉല്‍പ്പന്നത്തില്‍ യഥാര്‍ത്ഥത്തില്‍ പഴം ഇല്ലെങ്കിലും പേരും അവതരണവും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ബ്രാന്‍ഡ്/ട്രേഡ് നാമവുമായി ബന്ധപ്പെട്ട നിര്‍ബന്ധിത മുന്നറിയിപ്പ് പാക്കറ്റിന്റെ മുന്‍വശത്ത് നല്‍കിയിരുന്നില്ല.

കുബേര ഫുഡ്‌സിനെതിരെ സോഫ്റ്റ് ആന്‍ഡ് ഫ്രെഷ് ക്രീം ബണ്‍ പൈനാപ്പിള്‍ എന്ന ഉല്‍പ്പന്നത്തില്‍ പാക്കറ്റിന്റെ മുന്‍വശത്ത് '100% നാചുറല്‍', 'നോ പ്രിസര്‍വേറ്റീവ്‌സ്, കളേഴ്‌സ് ആന്‍ഡ് ഫ്‌ളേവഴ്‌സ്' എന്ന അവകാശവാദങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഉല്‍പ്പന്നത്തിന്റെ ലേബലില്‍ പ്രിസര്‍വേറ്റീവ്, കൃത്രിമ ഭക്ഷ്യനിറം, ഫ്‌ലേവറിംഗ് പദാര്‍ത്ഥങ്ങള്‍ എന്നിവ ചേര്‍ത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ 'Pure', 'Fresh', 'Natural' എന്നീ അവകാശവാദങ്ങള്‍ നിയമലംഘനമാണെന്ന് FSSAI അറിയിച്ചു.

ഫേണ്‍സ് എന്‍ പെറ്റല്‍സിനെതിരെ റോസ്റ്റഡ് ആല്‍മണ്ട് ചോക്ലേറ്റ് എന്ന ഉല്‍പ്പന്നത്തില്‍ 'പ്രീമിയം ചോക്ലേറ്റ്' എന്ന അവകാശവാദം മുന്നില്‍ നല്‍കിയിരുന്നെങ്കിലും, അതില്‍ Hydrogenated Vegetable Fat അടങ്ങിയിരുന്നതായി കണ്ടെത്തി. കൂടാതെ, Recommended Dietary Allowance (RDA) സംബന്ധിച്ച വിവരങ്ങള്‍, ചേരുവകളുടെ വെളിപ്പെടുത്തല്‍ എന്നിവയിലും ലേബലിംഗ് വീഴ്ചകള്‍ കണ്ടെത്തിയതായി എഫ്എസ്എസ്എഐ അറിയിച്ചു.

Content Highlights: FSSAI has issued notices to Lotte India, Ferns N Petals, and Kubera Foods over alleged misleading claims and food labelling violations, directing the companies to respond within seven days under the FSS Act, 2006

To advertise here,contact us