ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെ ആർബിഐ സ്വർണ്ണശേഖരം വിറ്റഴിച്ചെന്ന വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ. ഇറാൻ-യുഎസ് യുദ്ധ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശനാണ്യ ശേഖരം നിലനിർത്തുന്നതിനുമായി ആർബിഐ വൻതോതിൽ സ്വർണ്ണം വിറ്റഴിച്ചെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകളാണ് കേന്ദ്ര സർക്കാർ പൂർണ്ണമായും തള്ളിയിരിക്കുന്നത്. ഈ പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഔദ്യോഗിക ഫാക്ട് ചെക്ക് വിഭാഗവും രംഗത്തെത്തി.
തുടക്കം ബ്ലൂംബർഗ് റിപ്പോർട്ട്
ഇറാൻ-യുഎസ് യുദ്ധം സൃഷ്ടിച്ച ആഗോള പ്രതിസന്ധിയെ തുടർന്ന് മെയ് 22 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ റിസർവ് ബാങ്ക് ഏകദേശം 12 ബില്യൺ ഡോളർ (ഏകദേശം 1 ലക്ഷം കോടി രൂപ) മൂല്യം വരുന്ന സ്വർണ്ണം വിറ്റഴിച്ചിരിക്കാമെന്നായിരുന്നു പ്രമുഖ അന്താരാഷ്ട്ര സാമ്പത്തിക മാധ്യമമായ 'ബ്ലൂംബർഗ് ഇക്കണോമിക്സ്' പുറത്തുവിട്ട റിപ്പോർട്ട്. രാജ്യത്തുനിന്ന് വൻതോതിൽ വിദേശ നിക്ഷേപം പുറത്തേക്ക് പോകുന്നതും അസംസ്കൃത എണ്ണവില വർദ്ധിക്കുന്നതും മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ ആർ ബി ഐ ലിക്വിഡ് വിദേശ കറൻസി ശേഖരത്തിന് മുൻഗണന നൽകുന്നുവെന്നായിരുന്നു റിപ്പോർട്ടിലെ വാദം.
സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചിട്ടും റിസർവ് ബാങ്കിന്റെ സ്വർണ്ണശേഖരത്തിന്റെ മൂല്യത്തിൽ ഇടിവുണ്ടായതായി ചൂണ്ടിക്കാണിച്ചായിരുന്നു ബ്ലൂംബർഗിന്റെ ഈ നിഗമനം. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുകയും ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.
കേന്ദ്രത്തിന്റെ മറുപടി
എന്നാൽ ബ്ലൂംബർഗിന്റെ വാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് പി ഐ ബി ഫാക്ട് ചെക്ക് തങ്ങളുടെ എക്സ് ഹാൻഡിലിലൂടെ വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ സ്വർണ്ണത്തിന്റെ പങ്ക് തുടർച്ചയായി വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്.2025 സെപ്റ്റംബർ അവസാനം രാജ്യത്തിന്റെ ആകെ വിദേശനാണ്യ ശേഖരത്തിൽ സ്വർണ്ണത്തിന്റെ പങ്ക് 13.92 ശതമാനമായിരുന്നെങ്കിൽ, 2026 മാർച്ച് 31 ആയപ്പോഴേക്കും ഇത് 16.70 ശതമാനമായി ഉയർന്നു.
ഏറ്റവും ഒടുവിൽ യുദ്ധ പ്രതിസന്ധി രൂക്ഷമായ കാലയളവിലും, അതായത് 2026 മെയ് 22-ലെ കണക്കുകൾ പ്രകാരം വിദേശനാണ്യ ശേഖരത്തിലെ സ്വർണ്ണത്തിന്റെ വിഹിതം വീണ്ടും വർദ്ധിച്ച് 16.85 ശതമാനമായി ഉയരുകയാണ് ചെയ്തത്. ആർ.ബി.ഐ തങ്ങളുടെ പക്കലുള്ള സ്വർണ്ണശേഖരം വിറ്റഴിച്ചിട്ടില്ലെന്ന് മാത്രമല്ല, കേന്ദ്ര ബാങ്കിന്റെ പക്കലുള്ള സ്വർണ്ണത്തിന്റെ അനുപാതം കാലാനുസൃതമായി വർദ്ധിക്കുകയാണ് ചെയ്തതെന്ന് ഈ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
രൂപയുടെ മൂല്യം നിലനിർത്താൻ
നിലവിലെ ആഗോള സാഹചര്യത്തിൽ കറന്റ് അക്കൗണ്ട് കമ്മി വർദ്ധിക്കുന്നത് രൂപയുടെ മൂല്യത്തെ ബാധിക്കാതിരിക്കാൻ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിൽ മറ്റ് ബദൽ മാർഗ്ഗങ്ങളാണ് രാജ്യം ആലോചിക്കുന്നത്. റിപ്പോ നിരക്ക് (Repo Rate) വർദ്ധിപ്പിക്കുക, വിദേശ നിക്ഷേപകരിൽ നിന്ന് കൂടുതൽ ഡോളർ സമാഹരിക്കുക തുടങ്ങിയ സാമ്പത്തിക നടപടികളിലൂടെ രൂപയെ സ്ഥിരപ്പെടുത്താനാണ് ആർ.ബി.ഐ ശ്രമിക്കുന്നത്. സ്വർണ്ണശേഖരത്തെ ബാധിക്കുന്ന യാതൊരു നടപടിയും കേന്ദ്ര ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു.
Content Highlights: Reports claiming that the Reserve Bank of India sold large amounts of gold to cope with financial pressures have been denied by the Centre. The issue has sparked discussion about India's gold reserves and economic stability, but officials maintain that the reports are inaccurate and do not reflect the actual position of the country's reserve holdings.