മുംബൈ: സ്വർണ വിലയിലെ വർധനവോടൊപ്പം തന്നെ രാജ്യത്തെ സ്വർണ വായ്പകളിലും റെക്കോർഡ് നിരക്കിലുള്ള മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2022 മാർച്ചിനു ശേഷം മാത്ര ഈ മേഖലയില്‍ നാലിരട്ടി വർധനവ് ഉണ്ടായെന്നാണ് റിപ്പോർട്ട്. റീട്ടെയിൽ ക്രെഡിറ്റ് പോർട്ട്ഫോളിയോയിൽ ഹൗസിങ് ലോണുകൾക്ക് ശേഷം രണ്ടാമത്തെ വലിയ ക്രെഡിറ്റ് മേഖലയായി സ്വർണ്ണ വായ്പകൾ മാറിയിരിക്കുന്നു. ട്രാൻസ്യൂണിയൻ സിബിൽ (TransUnion CIBIL) പുറത്തുവിട്ട ‘ഗോൾഡ് ലോൺ ലാൻഡ്സ്കേപ്പ് റിപ്പോർട്ട്’ പ്രകാരം, ആകെ റീട്ടെയിൽ ക്രെഡിറ്റ് പോർട്ട്ഫോളിയോയുടെ 11.1 ശതമാനമാണ് സ്വർണ്ണ വായ്പ.
റിപ്പോർട്ട് പ്രകാരം 2022 മാർച്ച് മുതൽ സ്വർണ്ണ വായ്പകൾ 3.8 മടങ്ങ് മുന്നേറി. ശരാശരി ലോൺ തുക 90000ൽ നിന്ന് 1.96 ലക്ഷം എന്ന രീതിയില്‍ ഇരട്ടിയിലധികമായി വർധിച്ചു എന്നതും ശ്രദ്ധേയമാണ്. 2022 മാർച്ചിൽ 1.1 ലക്ഷമായിരുന്ന ശരാശരി ഔട്ട്സ്റ്റാൻഡിങ് ബാലൻസ് 2025 ഡിസംബറോടെ 1.9 ലക്ഷമായും ഉയർന്നു. ഇത് സ്വർണ്ണ വായ്പകൾ പരമ്പരാഗതമായി കാണപ്പെട്ടിരുന്ന ‘ഹ്രസ്വകാല അടിയന്തര ആവശ്യത്തിനുള്ള’ വസ്തു എന്നതില്‍ നിന്ന് കൂടുതൽ സുസ്ഥിരമായ സുരക്ഷിത വായ്പാ രൂപമായി മാറുന്നതിന്റെ സൂചനയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രാജ്യവ്യാപകമായി സ്വർണ്ണ വായ്പാ ഡിമാൻഡ് വർധിച്ചെങ്കിലും ബിസിനസ് ഇപ്പോഴും ദക്ഷിണേന്ത്യയിലാണ് ഏറ്റവും കൂടുതൽ ശക്തം എന്ന് മനസ്സിലാക്കാന്‍ സാധിക്കും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങൾ മാത്രം മൊത്തം സ്വർണ്ണ വായ്പ മൂല്യത്തിന്റെ 51.1 ശതമാനമാണ് കൈവശപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന തിരിച്ചുള്ള വിഹിതവും വളർച്ചയും ഇങ്ങനെ
ദക്ഷിണ സംസ്ഥാനങ്ങൾ വിഹിതത്തിൽ മുന്നിലാണെങ്കിലും, അസം, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ പുതിയ മാർക്കറ്റുകളിൽ വളർച്ച വേഗത്തിലാണ്.വായ്പാ എടുക്കുന്നവരിലെ മാറ്റങ്ങൾ വ്യക്തമാണ്. മികച്ച ക്രെഡിറ്റ് യോഗ്യതയുള്ള വായ്പയെടുക്കുന്നവരില്‍ സ്വർണ്ണ വായ്പകള്‍ക്ക് മുന്‍തൂക്കം നല്കുന്നവർ 52 ശതമാനമാണ്. സ്ത്രീകളുടെ വിഹിതം 39 ശതമാനമായി ഉയർന്നു. ഇത് സ്വർണ്ണ വായ്പകൾ സാധാരണക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട വായ്പാ മാർഗ്ഗമായി മാറുന്നതിന്റെ തെളിവാണെന്ന് ട്രാൻസ്യൂണിയൻ സിബിൽ വ്യക്തമാക്കി.
എന്നാൽ വളർച്ചയോടൊപ്പം റിസ്ക് മാനേജ്മെന്റിന്റെ ആവശ്യകതയും റിപ്പോർട്ട് ഊന്നിപ്പറയുന്നു. 2025 ജൂൺ വരെ കഴിഞ്ഞ 6 മാസത്തിനിടെ എടുത്ത പുതിയ ഗോൾഡ് ലോണുകളിൽ ഡിഫോൾട്ട് (തുക തിരിച്ചടക്കാത്തത്) നിരക്ക് 1.1% ആണ്. 2.5 ലക്ഷം കവിഞ്ഞ വായ്പ എടുത്തവരിൽ ഈ ഡിഫോൾട്ട് നിരക്ക് 1.5% ആയി ഉയരുന്നു.അതേസമയം, കുറഞ്ഞ തുക വായ്പ എടുത്തവരിൽ ഇത് 0.7% മാത്രമാണ്. അതായത് വലിയ തുക വായ്പ എടുത്തവർക്ക് തിരിച്ചടവ് വൈകാനുള്ള സാധ്യത, ചെറിയ തുക വായ്പ എടുത്തവരേക്കാൾ ഇരട്ടിയിലധികമാണ്.
ചുരുക്കത്തില്‍ സ്വർണ്ണ വിലയിലെ തുടർച്ചയായ ഉയർച്ചയും നിക്ഷേപ-വായ്പാ ആവശ്യകതയും കൂടിച്ചേരുമ്പോൾ, ഗോൾഡ് ലോണുകൾ ഇന്ത്യൻ ബാങ്കിങ് മേഖലയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സുരക്ഷിത ക്രെഡിറ്റ് ഉൽപ്പന്നമായി തുടരുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ റിസ്ക് അസസ്മെന്റ് കൂടുതൽ കൃത്യമാക്കിയാലേ ഈ വളർച്ച സുസ്ഥിരമാവൂ എന്ന മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നു.
Content Highlights: Tamil Nadu and Andhra Pradesh are leading in gold loan demand across India, with Kerala borrowers not far behind. The trend highlights strong regional demand for gold-backed loans, reflecting changing financial needs and borrowing patterns. Kerala continues to show significant growth in this segment, closely following the leading states.