
തിരുവല്ല: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ചെങ്ങന്നൂരിൽ ജോലി ചെയ്യാനെത്തുന്ന ജീവനക്കാർക്കു താമസിക്കാൻ ‘ട്രെയിൻ കാരവൻ’ ഒരുക്കിയിരിക്കുകയാണ് റെയിൽവേ. രണ്ട് എസി കംപാർട്മെന്റുകളാണ് ഇത്തരത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ചെങ്ങന്നൂരിൽ പിൽഗ്രിം ഷെൽട്ടറിനു സമീപത്തെ അധിക ട്രാക്കിലാണ് ഈ ബോഗികൾ നിർത്തിയിട്ടിരിക്കുന്നത്.
128 ജീവനക്കാർക്ക് 3 ടിയർ സ്ലീപ്പർ എസി കംപാർട്മെന്റുകളിൽ സുഖമായി താമസിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മണ്ഡലകാലം അവസാനിക്കുന്ന ജനുവരി 20 വരെ ‘കാരവൻ’ ചെങ്ങന്നൂർ സ്റ്റേഷനിലുണ്ടാകും. പ്രീ കൂളിങ് ടെസ്റ്റ് ഇന്നലെ നടന്നു. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ്, റെയിൽവേ പൊലീസ്, സ്പെഷൽ ഡ്യൂട്ടിക്കെത്തുന്ന മറ്റു ജീവനക്കാർ എന്നിവർക്കാണ് കാരവനിൽ താമസിക്കാനാവുക. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്നതിനാൽ കംപാർട്മെന്റിലെ ശുചിമുറികൾ ഉപയോഗിക്കാനാകില്ല. പ്രാഥമികാവശ്യങ്ങൾക്കായി സ്റ്റേഷനിലെ ശുചിമുറികൾ ഉപയോഗിക്കാം.
കംപാർട്മെന്റുകളിലേക്കു വൈദ്യുതി എത്തിക്കാനുള്ള സംവിധാനം ആഴ്ചകൾക്കു മുൻപു തന്നെ സജ്ജീകരിച്ചിരുന്നു. മണ്ഡലകാലത്ത് ജോലിക്കെത്തുന്ന ജീവനക്കാർക്കായി പരിമിതമായ താമസ സൗകര്യങ്ങൾ മാത്രമേ നേരത്തെ ഉണ്ടായിരുന്നുള്ളൂ. തീർഥാടകർക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കുമ്പോഴും സ്റ്റേഷനിലെ പഴയ മുറികളിലും മറ്റുമായി താമസിക്കേണ്ട ഗതികേടിലായിരുന്നു ജീവനക്കാർ.