
ആപ്പിൾ ഐഫോണിന് ലോകമെമ്പാടുമുള്ള ആരാധകരെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. ഓരോ ലോഞ്ചിനും ജനസാഗരമാണ് ഐഫോൺ വാങ്ങാനും മറ്റുമായി ഒഴുകിവരിക. അടുത്തിടെയിറങ്ങിയ ഐഫോൺ 17 ലോഞ്ചിനുമതേ, നിരവധി പേരാണ് ആപ്പിൾ സ്റ്റോറുകളിൽ മണിക്കൂറുകൾക്ക് മുൻപ് പോലും കാത്തുനിന്നത്. ഇത്തരത്തിൽ ഐഫോൺ 'ക്രേസ്' ലോകമെമ്പാടും നിലനിൽക്കെ ഐഫോൺ 17നെ സംബന്ധിച്ച് ഒരു വാർത്ത വന്നിരിക്കുകയാണ്.
ആപ്പിൾ ഐഫോൺ 17 മുൻ മോഡലിനേക്കാൾ കൂടുതൽ വിറ്റുപോയ മോഡലായി മാറി എന്നതാണ് ആ വാർത്ത. ഐഫോൺ 16 സീരീസിനെക്കാളും 14% അധികമാണ് 17ന്റെ വിൽപന. അതും ആദ്യ പത്ത് ദിവസത്തിനുള്ളിലാണ് ഈ ഡിമാൻഡ് ഉണ്ടായത് എന്നതുമാണ് ആപ്പിളിനെ അമ്പരപ്പിക്കുന്നത്. പ്രീമിയം ഫോണുകളിൽ ആപ്പിളിന്റെ ഒന്നാംസ്ഥാനം ഊട്ടിയുറപ്പിക്കുന്നത് കൂടിയാണ് ഈ കണക്കുകൾ.
ഫോൺ വിൽപന കൂടാതെ ആപ്പിളിന് സന്തോഷിക്കാനുള്ള മറ്റൊരു കാര്യം കൂടിയുണ്ട്. റോയ്റ്റേഴ്‌സ് റിപ്പോർട്ട് പ്രകാരം ആപ്പിളിന്റെ ഒരു ഓഹരിയുടെ മൂല്യം 4.2% വർധിച്ച് 262.9 ഡോളർ എന്ന നിലയിലെത്തി. ഇതോടെ ആപ്പിളിന്റെ മൊത്തം വിപണി മൂലധനം ഏകദേശം 3.9 ട്രില്യൺ ഡോളറായി ഉയർന്നു, ഈ വർധനവ് ആപ്പിളിന് മറ്റൊരു നേട്ടം കൂടി സമ്മാനിക്കുന്നുണ്ട്. ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ എഐ ചിപ്പ് കമ്പനിയായ എൻവിഡിയയ്ക്ക് പിന്നാലെ രണ്ടാമതായാണ് ഇപ്പോൾ ആപ്പിളിന്റെ സ്ഥാനം. ഡിസംബർ പാദത്തിൽ കമ്പനി കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഇതുവരെയുള്ള അനുമാനങ്ങളെയെല്ലാം കടത്തിവെട്ടുമെന്നുമാണ് കരുതപ്പെടുന്നത്. ചൈനയിൽനിന്ന് അടുത്തിടെ ലഭിച്ച ഓർഡറുകൾ കൂടി കമ്പനിക്ക് ഗുണകരമാകും എന്നും കരുതപ്പെടുന്നുണ്ട്.
ആപ്പിളിനെ സംബന്ധിച്ച് ഒരു നല്ല വർഷമാണ് കടന്നുപോയത്. തുടക്കത്തിൽ യുഎസ് താരിഫുകളും ചൈനീസ് വിപണിയിലെ മത്സരങ്ങളും ആപ്പിളിനെ ആശങ്കപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പതിയെപ്പതിയെ നില മെച്ചപ്പെടുകയായിരുന്നു. പിന്നാലെ വന്ന 100 ഡോളർ നിക്ഷേപ പദ്ധതികള്‍ മറ്റും ആപ്പിളിനെ സുരക്ഷിതമായ ഒരു നിലയിലെത്തിക്കുകയായിരുന്നു.
Content Highlights: apple iphone 17 sales at record high