
കൽപ്പറ്റ: മയക്കുമരുന്ന് പിടികൂടിയ കേസിൽ നിന്ന് ഹോംസ്റ്റേ ഉടമയെ ഒഴിവാക്കാൻ പണം വാങ്ങിയ സിഐയ്ക്ക് സസ്പെൻഷൻ. ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വൈത്തിരി എസ്എച്ച്ഒ ഇ ജയനെയാണ് സസ്പെന്റ് ചെയ്തത്. എഡിജിപിയുടേതാണ് ഉത്തരവ്. ലക്കിടി മണ്ടമലയിലെ ഹോംസ്റ്റേ ഉടമയിൽ നിന്നാണ് സിഐ പണം വാങ്ങിയത്. ഹോംസ്റ്റേയിൽ നിന്ന് ജൂലൈയിൽ ഡിജെ പാർട്ടിക്കിടെ എംഡിഎംഎ അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു.
സംഭവത്തിൽ ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ നിന്ന് ഹോംസ്റ്റേ ഉടമയെ ഒഴിവാക്കാനായിരുന്നു പണം വാങ്ങിയത്. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സിഐ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞത്. ഹോംസ്റ്റേ നടത്തിപ്പുകാരനിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് സസ്പെൻഷനിലായ ജയൻ. സംഭവത്തിൽ പ്രതിയായ സിപിഒയെ തിരുനെല്ലിയിലേക്ക് സ്ഥലം മാറ്റി.