അമിതാഭ് ബച്ചന്റെ വസതി അടക്കം മുംബൈയിലെ നിരവധി സ്ഥലങ്ങളില്‍ ബോംബ് ഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കി

അമിതാഭ് ബച്ചന്റെ വീടിന് നേരെ ഈ ആഴ്ച്ച ഉണ്ടാകുന്ന രണ്ടാമത്തെ ഭീഷണിയാണ് ഇത്

അമിതാഭ് ബച്ചന്റെ വസതി അടക്കം മുംബൈയിലെ നിരവധി സ്ഥലങ്ങളില്‍ ബോംബ് ഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കി
dot image

മുംബൈ: നടന്‍ അമിതാഭ് ബച്ചന്റെ വസതി അടക്കം മുംബൈയിലെ നിരവധി സ്ഥലങ്ങളില്‍ ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് നിരവധി സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്ന ഭീഷണി സന്ദേശം വന്നത്. അമിതാഭ് ബച്ചന്റെ വീടിന് നേരെ ഈ ആഴ്ച്ച ഉണ്ടാകുന്ന രാണ്ടാമത്തെ ബോംബ് ഭീഷണിയാണ് ഇത്. ഇതിന് പുറമേ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം, മേയറുടെ ഓഫീസ്, ബാങ്ക്, കോടതി, മഹാലക്ഷ്മി റേസ്‌കോഴ്സ് എന്നിവിടങ്ങളിലും ബോംബ് ഭീഷണിയുണ്ട്. ഭീഷണി സന്ദേശ വന്നതിന് പിന്നാലെ വലിയ സുരക്ഷാ സന്നാഹങ്ങളാണ് മുംബൈയില്‍ ഒരുക്കിയിരിക്കുന്നത്.

നവംബര്‍ 12ന് രാവിലെ 10:52ന് ലഭിച്ച ഇമെയിലാാണ് മുംബൈയില്‍ സുരക്ഷാ ആശങ്കകള്‍ക്ക് വഴിവെച്ചത്. '[email protected]' എന്ന വിലാസത്തില്‍ നിന്ന് അയച്ച ഈ സന്ദേശം, പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) ഉദ്യോഗസ്ഥര്‍ (മുംബൈ സോണല്‍ ഓഫീസ്, കഫ് പരേഡ് എല്‍സിബി, സവേരി ബസാര്‍ ബ്രാഞ്ച് ഓഫീസ്) ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ലഭിച്ചത്. നഗരത്തിലുടനീളം പലയിടങ്ങളിലായി ബോംബ് സ്‌ഫോടനങ്ങളും ആക്രമണങ്ങളും ഉണ്ടാകുമെന്ന് സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭീഷണി ഇ-മെയിലില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് കോര്‍പ്പറേഷന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.

'ഖാലിസ്ഥാന്‍ നാഷണല്‍ ആര്‍മി' (KHALISTAN National Army) എന്ന പേരില്‍ അയച്ചിരിക്കുന്ന ഈ ഇമെയിലില്‍, എന്‍ജിനീയര്‍ ഗുരാനഖ് സിംഗ്, റുക്കാന്‍ ഷാഹ്വാല, ഡോ ഗുര്‍നിര്‍വൈര്‍ സിംഗ് ഖാന്‍ രാജാഡ എന്നീ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ശാഖയില്‍ ഉച്ചയ്ക്ക് 1:11-ന് ബോംബ് സ്‌ഫോടനം നടത്തുമെന്ന ഭീഷണിയും ഇതില്‍ ഉള്‍പ്പെടുന്നു. രാത്രി 9:11-ന് ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി ഉണ്ടാകുമെന്നും, മഹാലക്ഷ്മി സ്റ്റേഡിയത്തില്‍ 'ദല്‍ജിത് ബോംബ് ഐഫോണ്‍ ധമാക്ക' എന്ന പേരില്‍ ആക്രമണം നടക്കുമെന്നും ഇതില്‍ പരാമര്‍ശമുണ്ട്. നടന്‍ അമിതാഭ് ബച്ചന്റെ വസതിയായ 'ജല്‍സ'യില്‍ കാര്‍ ബോംബ് ആക്രമണം ഉണ്ടാകുമെന്നും, ഗായകന്‍ ദില്‍ജിത് ദോസാഞ്ജിനെ ലക്ഷ്യമിട്ടും ഭീഷണികളുണ്ട്. ഇവരുടെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉച്ചയ്ക്ക് 2:11-ന് ഒരു കോടതിയിലും, 3:11-ന് 'മേയറുടെ ഓഫീസിലും' ആക്രമണം നടക്കുമെന്നും സന്ദേശത്തിലുണ്ട്. ഭീഷണിയുടെ ഉറവിടത്തെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം നടത്തി വരികയാണ്. ഇമെയിലില്‍ പരാമര്‍ശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ നടത്തി. എന്നാല്‍, പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അമിതാഭ് ബച്ചന്റെ ജുഹുവിലുള്ള വസതിയായ 'ജല്‍സ'യ്ക്ക് പുറത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. നവംബര്‍ 1-ന്, ഞായറാഴ്ചകളില്‍ പതിവുള്ള ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്കായി അമിതാഭ് ബച്ചന്‍ തന്റെ വസതിക്ക് പുറത്തെത്തിയിരുന്നു. ഈ സമയം സുതാര്യമായ ബുള്ളറ്റ പ്രൂഫ് സുരക്ഷാ കവചത്തിനുള്ളില്‍ നിന്നാണ് അദ്ദേഹം ആരാധകരെ അഭിവാദ്യം ചെയ്തത്. ഈ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിന്റെ മകനും നടനുമായ അഭിഷേക് ബച്ചനും ഒപ്പമുണ്ടായിരുന്നു. സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.

Content Highlights: Amitabh Bachchan's residence and several prominent locations in Mumbai have received bomb threat emails warning of possible explosions. This is the second such warning targeting the actor's home this week. Other locations named in the messages include Chhatrapati Shivaji International Airport, the mayor's office, a bank, a court and Mahalaxmi Racecourse. Security arrangements have been strengthened across Mumbai following the messages.

dot image
To advertise here,contact us
dot image