

ന്യൂഡൽഹി: മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായി ഇന്‍ഡ്യാ സഖ്യം സംഘടിപ്പിക്കുന്ന രാംലീല മൈതാനിയിലെ പ്രതിഷേധ റാലിക്ക് ഉപാധികളോടെ അനുമതി നല്കി ഡല്‍ഹി പൊലീസ്. നവംബര്‍ ഒന്നിന് രാംലീല മൈതാനിയിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. റാലിക്ക് മുന്നോടിയായി കര്‍ശന നിബന്ധനകളും നിര്‍ദേശങ്ങളുമാണ് ഡല്‍ഹി പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അച്ചടക്കം ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വൈകിട്ട് അഞ്ചുമണിക്ക് മുന്‍പ് റാലി അവസാനിപ്പിക്കണമെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. തന്ത്രപ്രധാനമായ എല്ലാ സ്ഥലങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും പൊലീസ് പറയുന്നു. റാലിയില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനാണ് നിര്‍ദേശങ്ങളെന്നാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണം.
പ്രതിഷേധത്തിനായി ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 3 വരെ രാംലീല മൈതാനം ബുക്ക് ചെയ്യാനുള്ള അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയത്. സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നാണ് കോണ്‍ഗ്രസിന് അനുമതി ലഭിച്ചത്.
Content Highlights: Delhi Police has granted conditional permission for the Congress rally at Ramlila Maidan as part of the protest against Gyanesh Kumar.