ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ പുഴയില്‍ വീണ് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

സംഭവത്തില്‍ തെലങ്കാന ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റ് പ്രമുഖ നേതാക്കളും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ പുഴയില്‍ വീണ് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
dot image

ഹൈദരാബാദ്: തെലങ്കാനയില്‍ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ പുഴയില്‍ വീണ് ആറ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തം. സന്നദ്ധ സംഘടന നടത്തുന്ന ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന എട്ട് വിദ്യാര്‍ത്ഥികളാണ് വിഗ്രഹ നിമജ്ജനത്തിനായി തടാകക്കരയില്‍ എത്തിയത്. ചടങ്ങിനിടെ എട്ടുപേരും അബദ്ധത്തില്‍ തടാകത്തിലേക്ക് വഴുതിവീഴുകയായിരുന്നു. ഇവരില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ബാക്കി ആറുപേര്‍ മുങ്ങിത്താഴുകയായിരുന്നു.

തടാകത്തിലെ ചെളിയും അയഞ്ഞ മണ്ണുമാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ഉടന്‍തന്നെ കുട്ടികളെ കരയ്ക്കെത്തിച്ച് സിപിആര്‍ നല്‍കി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിജനമായ പ്രദേശത്തായിരുന്ന തടാകത്തില്‍ സംഭവസമയത്ത് രക്ഷാപ്രവര്‍ത്തനത്തിനായി മുതിര്‍ന്നവര്‍ ആരും ഉണ്ടായിരുന്നില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

സംഭവത്തില്‍ തെലങ്കാന ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റ് പ്രമുഖ നേതാക്കളും അനുശോചനം രേഖപ്പെടുത്തി. വിഗ്രഹ നിമജ്ജന ചടങ്ങുകളിലും പ്രകടനങ്ങളിലും ഭക്തര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഗവര്‍ണറും ഓര്‍മ്മപ്പെടുത്തി. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ നിമജ്ജന സ്ഥലങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Content Highlights: Six students drowned during a Ganesh idol immersion ceremony in Telangana on Wednesday evening. Eight students staying at a hostel run by a voluntary organisation had reached the lakeside for the ceremony and accidentally fell into the water. Two students managed to swim to safety, while the remaining six could not be rescued.

dot image
To advertise here,contact us
dot image