

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരി കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തിന് പിന്നാലെ നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങള്‍ ഉയരുന്നു. ഗ്രേറ്റര്‍ നോയിഡയിലെ പാരി ചൗക്കില്‍ നിന്ന് വടക്കന്‍ ഡല്‍ഹിയിലെ കശ്മീര്‍ ഗേറ്റ് വരെ ബസ് സഞ്ചരിച്ച 43 കിലോമീറ്റര്‍ ദൂരത്തെവിടെയും സിസിടിവി ക്യാമറകള്‍ ഇല്ലായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഈ റൂട്ടിലൂടെയായിരുന്നു 16കാരിയായ പെണ്‍കുട്ടി സഞ്ചരിച്ച സ്വകാര്യ സ്ലീപ്പര്‍ ബസ് കടന്നു പോയത്.
ഓഗസ്റ്റ് നാലിന് രാത്രി പാരി ചൗക്കില്‍ നിന്ന് ബസില്‍ കയറിയ പെണ്‍കുട്ടിയോട് നോയിഡ സെക്ടര്‍ 63ല്‍ ഇറക്കിവിടാമെന്ന് പറഞ്ഞതായാണ് വിവരം. എന്നാല്‍, ഓടിക്കൊണ്ടിരുന്ന ബസില്‍ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കി. പിന്നീട് കശ്മീര്‍ ഗേറ്റിന് സമീപം പെണ്‍കുട്ടിയെ ഉപേക്ഷിച്ചുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി പാരി ചൗക്കില്‍ നിന്ന് കശ്മീര്‍ ഗേറ്റിലേക്ക് 43 കിലോമീറ്റര്‍ ദൂരം പൊലീസ് നേരിട്ട് പരിശോധന നടത്തി. പാരി ചൗക്കില്‍ നിന്ന് ഏകദേശം 20 അടി അകലെ തന്നെ ആദ്യ പൊലീസ് ചെക്ക്‌പോസ്റ്റ് കണ്ടെത്തി. ഇവിടെ പൊലീസ് ബൂത്ത്, പിസിആര്‍ വാന്‍, റോഡരികില്‍ ശക്തമായ ബാരിക്കേഡുകള്‍ എന്നിവ ഉണ്ടായിരുന്നു. പെണ്‍കുട്ടി ബസില്‍ കയറിയത് പാരി ചൗക്കില്‍ നിന്നായതിനാല്‍ ഈ സ്ഥലം ഏറെ പ്രധാനപ്പെട്ടതുമാണ്.
എന്നാല്‍ പകല്‍ നടത്തിയ പരിശോധനയ്ക്കിടെ ബാരിക്കേഡുകള്‍ ഉണ്ടായിരുന്നെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. മയൂര്‍ വിഹാറിന് സമീപമുള്ള ഡല്‍ഹി-നോയിഡ അതിര്‍ത്തിയിലേക്ക് നീങ്ങുമ്പോഴും റോഡരികില്‍ ബാരിക്കേഡുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പകല്‍ സമയത്തെ പരിശോധനയില്‍ അവിടെയും പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം കാണാനായില്ല. തിരക്കേറിയ ഈ ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നലുകളില്‍ പോലും സിസിടിവി ക്യാമറകള്‍ കാണാനായില്ല.
ബസിന്റെ ലക്ഷ്യസ്ഥാനമായ കശ്മീര്‍ ഗേറ്റിലെത്തിയപ്പോള്‍ ഇവിടെ ദൃശ്യമായ ചെക്ക്‌പോസ്റ്റോ ബാരിക്കേഡുകളോ കണ്ടെത്താനായില്ല. 43 കിലോമീറ്റര്‍ ദൂരമുള്ള പരിശോധനയുടെ അവസാന പോയിന്റായിരുന്നു കശ്മീര്‍ ഗേറ്റ്. 43 കിലോമീറ്റര്‍ ദൂരത്തില്‍ ആകെ രണ്ട് ചെക്ക്‌പോസ്റ്റുകള്‍ മാത്രമാണ് കണ്ടെത്തിയത്.
അതേസമയം, സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഈ റൂട്ട് വിശദമായി പരിശോധിച്ചുവരികയാണ്. ബസ് സഞ്ചരിച്ച പാത പുനഃസൃഷ്ടിക്കുന്നതിന്റെ ഭാഗമായി ചെക്ക്‌പോസ്റ്റുകള്‍, ബാരിക്കേഡുകള്‍, കടകളിലേയും മറ്റും സിസിടിവി ക്യാമറകള്‍ എന്നിവ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബസ് ഗ്രേറ്റര്‍ നോയിഡയിലെ സുരജ്പൂരിലെ വര്‍ക്ക്ഷോപ്പില്‍ എത്തിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. പിന്നീട് പെയിന്റിങ് ജോലികള്‍ക്കായി കശ്മീര്‍ ഗേറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. കശ്മീര്‍ ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ തിമര്‍പൂരിലെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് ഡ്രൈവര്‍ 39കാരനായ കുല്‍ദീപിനെയും 26കാരനായ കണ്ടക്ടര്‍ സന്ദീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് ബസ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധന നടത്തുകയാണ്. വാഹനത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ മുടിയിഴകള്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
Content Highlights: Delhi sleeper bus assault raises serious security concerns as CCTV surveillance gaps emerge along the 43-km route