

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന മഴ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിന് സമാന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിലെ ദോഡയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളിലെയും അരുവികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഒഡീഷയിലെ മയൂര്‍ഭാഞ്ചില്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴ നിര്‍ത്താതെ പെയ്യുകയാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണ്. സിക്കിമില്‍ ഉണ്ടായ ശക്തമായ ഉരുള്‍പ്പൊട്ടലിന് പിന്നാലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ഡല്‍ഹിയിലും അടുത്ത ആറുദിവസം കാലാവസ്ഥ അസ്ഥിരമായി തുടരുമെന്നാണ് മുന്നറിയിപ്പ്. ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടില്‍ ശക്തമായ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ 27 ദിവസമായി വെള്ളക്കെട്ട് തുടരുകയാണ്. മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ജമ്മുകശ്മീരിലെ ദോഡ ജില്ലയിലെ ഭലേസ ഗന്ധോഹ് പ്രദേശത്ത് പ്രളയ സമാന സാഹചര്യമാണുള്ളത്. മാര്‍ക്കറ്റ്, റോഡുകള്‍, ഓടകള്‍, നദികള്‍ എന്നിവയിലെല്ലാം വെള്ളം നിറഞ്ഞു. ചീനാബ് നദി ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവർ ദുരിത സമാന സാഹചര്യത്തിലാണ്. ഒഡീഷയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മയൂര്‍ഭഞ്ച് ജില്ലയില്‍ പ്രളയ ഭീഷണി നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി രൂപപ്പെട്ട ന്യൂനമര്‍ദം മഴ കനക്കാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. മഴക്കെടുതി നേരിടുന്ന ഇടങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒഡീഷയിലെ കേന്ദ്രപാരാ ജില്ലയില്‍ ഞായറാഴ്ച ദേശീയപാത -53 നൂറു മീറ്ററോളം ഇടിഞ്ഞ് താഴ്ന്നു. പാരാഡിപ് തുറമുഖത്തെ ധാതുസമ്പുഷ്ടമായ ജാജ്പൂരുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. നിര്‍മാണത്തിലിരുന്ന പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ട്രക്കുകള്‍ ഇടിഞ്ഞ് താഴ്ന്ന കുഴിയിലേക്ക് പതിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരോ സഹായികളോ വാഹനത്തിലുണ്ടായിരുന്നില്ല. വെള്ളക്കെട്ട് തുടര്‍ന്ന സാഹചര്യത്തിലാണ് റോഡ് തകര്‍ന്നതെന്നാണ് ദേശീയപാത അതോറിറ്റി ഭുവനേശ്വര്‍ റീജിയണല്‍ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്. എന്‍എച്ച് -53 പുനർനിര്‍മാണവും വീതികൂട്ടലുമായി ബന്ധപ്പെട്ട് പ്രവൃത്തികള്‍ നടന്നിടത്താണ് റോഡ് തകര്‍ന്നതെന്നും ഇവിടെ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും അധികൃതർ പറയുന്നു.
സിക്കിമിലെ ഗ്യാല്‍ഷിങ് ജില്ലയിലാണ് ഉരുള്‍പ്പൊട്ടല്‍ സംഭവിച്ചത്. കുന്നില്‍പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ഇനിയും ഉരുള്‍പ്പൊട്ടാന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. മലഞ്ചെരുവിലെ റോഡുകളിലും കനത്ത മഴ അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടങ്ങള്‍ കൃത്യമായ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇന്നു മുതല്‍ ഓഗസ്റ്റ് 22 വരെ ഡല്‍ഹിയിലും മഴ തുടരും. ആകാശം മേഘാവൃതമായി തുടരും. ചില ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. ഓഗസ്റ്റ് 19നും 20നും മഴ കനക്കുമെന്നാണ് പ്രവചനം.
തമിഴ്‌നാട്ടിലും വരും ദിവസങ്ങളില്‍ മഴ കനക്കും. ചെങ്കല്‍പേട്ട്, കാഞ്ചീപുരം, വില്ലുപുരം, തിരുവണ്ണാമലൈ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ മറ്റിടങ്ങളിലും പുതുച്ചേരിയിലും കാരയ്ക്കലിലും നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. പശ്ചിമഘട്ടത്തിനോടടുത്ത പ്രദേശങ്ങളായ ചെന്നൈ, തിരുവല്ലൂര്‍, കൂടല്ലൂര്‍ തുടങ്ങി 16ഓളം ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Content Highlights: Rain-related disruption continues across northern India, with Jammu and Kashmir experiencing heavy rainfall. In Odisha, a road collapsed amid the ongoing rain-related conditions.