ബിഹാറിന് പിന്നാലെ യുപിയിലും മുന്നോക്ക ജാതി വിഭാഗങ്ങൾക്ക് അസംതൃപ്തി? തിരിച്ചടിയാകുമെന്ന ആശങ്കയിൽ ബിജെപി

ബ്രാഹ്മണ, ഠാക്കൂർ വിഭാഗങ്ങളിൽപ്പെട്ട ഉത്തർപ്രദേശിലെ നിരവധി മേൽജാതി വിഭാ​ഗങ്ങൾക്കിടയിൽ യുജിസി ചട്ടങ്ങൾക്കെതിരെ കടുത്ത അതൃപ്തി നിലനിൽക്കുകയാണ്

ബിഹാറിന് പിന്നാലെ യുപിയിലും മുന്നോക്ക ജാതി വിഭാഗങ്ങൾക്ക് അസംതൃപ്തി? തിരിച്ചടിയാകുമെന്ന ആശങ്കയിൽ ബിജെപി
dot image

ലഖ്നൗ: ബിഹാറിലെ ഉപതെരഞ്ഞെടുപ്പ് പരാജയം ഉത്തർപ്രദേശിലും മുന്നറിയിപ്പെന്ന വിലയിരുത്തലിൽ ബിജെപി നേതൃത്വം. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ മുന്നോക്ക ജാതിവിഭാ​ഗങ്ങളുടെ അതൃപ്തി തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. ദേശീയ അധ്യക്ഷ നിതിൻ നബിൻ പ്രതിനിധീകരിച്ചിരുന്ന ബിഹാറിലെ ബങ്കിപൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടത് പരമ്പരാ​ഗത വോട്ട് ബാങ്കായ മുന്നോക്ക വിഭാ​ഗങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടതിനാലാണെന്ന് ബിജെപി നേതൃത്വം വിലയിരുത്തിയിരുന്നു. ഉത്തർപ്രദേശിലും സമാനമായ അതൃപ്തി മുന്നോക്ക ജാതിവിഭാ​ഗങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ടെന്ന നി​ഗമനത്തിലാണ് നേതൃത്വം.

നിലവിലെ യുജിസി ചട്ടങ്ങളോടുള്ള മുന്നാക്ക ജാതി വിഭാ​ഗങ്ങളുടെ അതൃപ്തിയാണ് പരാജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശിലും സമാനമായ തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയുടെ പ്രധാനകാരണവും ഈ തിരിച്ചറിവാണ്. യുജിസി ചട്ടങ്ങളോടുള്ള ചട്ടങ്ങൾക്കെതിരെ ഉത്തർപ്രദേശിലും മുന്നാക്ക ജാതിവിഭാ​ഗങ്ങൾ പ്രതിഷേധത്തിലാണ്. ബ്രാഹ്മണ, ഠാക്കൂർ വിഭാഗങ്ങളിൽപ്പെട്ട ഉത്തർപ്രദേശിലെ നിരവധി മേൽജാതി വിഭാ​ഗങ്ങൾക്കിടയിൽ യുജിസി ചട്ടങ്ങൾക്കെതിരെ കടുത്ത അതൃപ്തി നിലനിൽക്കുന്നുവെന്നാണ് ബിജെപി നേതാക്കൾ തന്നെ പറയുന്നത്. ഉത്തർപ്രദേശിൽ ബിജെപി പ്രതിസന്ധിയിലായിരുന്ന കാലത്തും രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ സമയത്തും മുന്നാക്ക ജാതികൾ ബിജെപിക്കൊപ്പം ഉറച്ചുനിന്നിരുന്നു. അന്ന് ഒബിസി വിഭാ​ഗവും ദളിത് വിഭാ​ഗങ്ങളും ബിജെപിക്ക് പിന്നിൽ വലിയ തോതിൽ ഏകീകരിക്കപ്പെട്ടിരുന്നില്ല. അന്നുമുതൽ ബിജെപിയുടെ വോട്ടിങ് അടിത്തറയായ മുന്നോക്ക ജാതിക്കാരെ ബാധിക്കുന്ന നിലയിൽ യുജിസി ചട്ടങ്ങൾ നടപ്പിലാക്കിയത് എന്തിനാണ് എന്ന ചോ​ദ്യമാണ് മുന്നോക്ക ജാതികളിൽ നിന്നുള്ള പ്രാദേശിക നേതാക്കളും ഉയർത്തുന്നത്. യുജിസിചട്ടങ്ങളും പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും പോലുള്ള വിഷയങ്ങളിൽ പാർട്ടി പ്രവർത്തകർക്ക് ജനങ്ങളോട് മറുപടി പറയാൻ ബുദ്ധിമുട്ടുണ്ടെന്ന വികാരം താഴെതട്ടുമുതലുള്ള നേതാക്കൾ പങ്കുവെയ്ക്കുന്നതായാണ് റിപ്പോർട്ട്.

Also Read:

വിഷയത്തിൻ്റെ ​ഗൗരവം തിരിച്ചറിഞ്ഞ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് വിഷയത്തിൽ ഇടപെട്ടിരുന്നു. യുജിസി വിഷയത്തിൽ ഉത്തർപ്രദേശിലെ ബിജെപി നേതാക്കൾ ജാഗ്രതയോടെ ഇടപെടണമെന്നാണ് ബി എൽ സന്തോഷ് നൽകിയ നിർദ്ദേശം. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും നേതാക്കളോട് ദേശീയ ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലുണ്ടായ തിരിച്ചടിക്ക് കാരണം മുന്നോക്ക ജാതി വിഭാ​ഗത്തിൻ്റെ അതൃപ്തിയാണെന്ന് വിലയിരുത്തൽ ഉണ്ടായിരുന്നു. തങ്ങളുടെ സമുദായത്തിൽപ്പെട്ടവർക്ക് മതിയായ സീറ്റുകൾ നൽകുന്നില്ലെന്ന ആരോപണവുമായി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഠാക്കൂർ വിഭാ​ഗം രം​ഗത്ത് വന്നത് ബിജെപിക്ക് അതൃപ്തി സൃഷ്ടിച്ചിരുന്നു. 2019ൽ 62 ലോക്സഭാ സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് 2024 ഉത്തർപ്രദേശിൽ വിജയിക്കാൻ സാധിച്ചത് 33 സീറ്റുകളിൽ മാത്രമായിരുന്നു. മുസഫർനഗർ, സഹാരൻപൂർ, കെയ്‌റാന എന്നീ മണ്ഡലങ്ങളിലെ പരാജയത്തിന് കാരണം ഠാക്കൂർ വിഭാ​ഗത്തിൻ്റെ അതൃപ്തിയാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. മീററ്റിലും മഥുരയിലും ബിജെപിയുടെ വിജയഭൂരിപക്ഷത്തിലും ഇടിവുണ്ടായതിന് പിന്നിലും മുന്നോക്ക ജാതി വിഭാ​ഗത്തിൻ്റെ അതൃപ്തിയായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കിഴക്കൻ ഉത്തർപ്രദേശിലും ഇതിന്റെ പ്രതിഫലനം ഉണ്ടായതായി പാർട്ടി നേതൃത്വം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ മുന്നോക്ക ജാതി വിഭാ​ഗങ്ങളുടെ അതൃപ്തി തിരിച്ചടിയാകുമെന്ന ആശങ്ക ബിജെപി നേതാക്കൾക്കിടയിൽ ശക്തമായിരിക്കുന്നത്.

Content Highlights: Growing dissatisfaction among upper-caste communities in Uttar Pradesh after Bihar has raised concerns within the BJP over a possible electoral backlash. The party is closely monitoring the mood among forward-caste voters and its potential impact on upcoming elections.

dot image
To advertise here,contact us
dot image