

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും. ഇന്ന് രാവിലെ 10.45 ഓടെയാണ് മന്ത്രിമാരും വിഴിഞ്ഞം എംഎല്‍എ എം വിന്‍സെന്റും അടക്കമുള്ളവര്‍ വീട്ടിലെത്തിയത്. ജോണിനെ കാണാതായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ വീട്ടിലെത്തുന്നത്. മത്സ്യത്തൊഴിലാളികളെ കാണാതായ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് ജോണിന്റെ മക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ സന്ദര്‍ശനം.
മന്ത്രിമാര്‍ക്ക് മുന്നില്‍ തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ജോണിന്റെ കുടുംബം ഉന്നയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടാല്‍ രക്ഷപ്പെടുത്താന്‍ കൃത്യമായ സംവിധാനമില്ലെന്ന് ജോണിന്റെ മകന്‍ ജിനില്‍ പറഞ്ഞു. കടലില്‍ പോകുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് വൈകി വരുന്നത് മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ബുദ്ധിമുട്ടിലാക്കുന്നണ്ട്. ഒരു മണിയോടെയായിരുന്നു പപ്പ കടലില്‍ പോയത്. രണ്ട് മണിക്കാണ് മുന്നറിയിപ്പ് സൈറ്റില്‍ വന്നത്. നാല് മണിക്കായിരുന്നു സൈറന്‍ മുഴങ്ങിയത്. ഈ സമയം പപ്പ കടലില്‍ എത്തിയിരുന്നുവെന്നും ജിനില്‍ പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പുകളില്‍ പലപ്പോഴും വീഴ്ച സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നാല്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ കാറ്റ് വീശിയില്ല. മുന്നറിപ്പിന്മേലുള്ള വിശ്വാസ്യതയെയാണ് ബാധിക്കുന്നതെന്നും ജിനില്‍ കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന് നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനാണെന്നായിരുന്നു സന്ദര്‍ശനത്തിന് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. പ്രതീക്ഷ കൈവിടാതെ തന്നെ സര്‍ക്കാര്‍ തിരച്ചില്‍ നടത്തുകയാണ്. നിലവില്‍ കോസ്റ്റ് ഗാര്‍ഡിന് പരിമിതികള്‍ ഉണ്ട്. അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കും. മറൈന്‍ ആംബുലന്‍സിന്റെ അലൈന്‍മെന്റിലും പ്രശ്‌നങ്ങളുണ്ട്. അപകടം നടന്ന ഉടനെ തിരച്ചില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരുമായി ഇടപെടല്‍ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി ഒരിക്കലും തീരദേശ മേഖലയെ അവഹേളിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തീരദേശ മേഖലയുമായി ഏറ്റവും അടുപ്പമുള്ള ആളാണ് മുഖ്യമന്ത്രിയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
രാമേശ്വരം ഭാഗത്തേക്കുള്ള തിരച്ചിലിന് നിര്‍ഭാഗ്യവശാല്‍ അനുമതി കിട്ടിയിട്ടില്ലെന്നാണ് ഫിഷറീസ് മന്ത്രി അബ്ദുല്‍ ഗഫൂര്‍ പറഞ്ഞത്. എസ്ഒപി രണ്ടാഴ്ചക്കുള്ളില്‍ പുറത്തിറങ്ങും. ഫിഷറീസ് വകുപ്പ് പൂര്‍ണമായിട്ടും ഡിജിറ്റലൈസ് ചെയ്യും. ടു വേ കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. കാലാവസ്ഥ പ്രവചനങ്ങള്‍ കുറച്ചുകൂടി കൃത്യതയാര്‍ന്നതാക്കാന്‍ ശ്രമിക്കും. മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അബ്ദുല്‍ ഗഫൂര്‍ വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശത്തെക്കുറിച്ച് ആഭ്യന്തര മന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്ന് ജോണിൻ്റെ മകൾ ജിജി പറഞ്ഞു. ആഭ്യന്തരമന്ത്രിക്ക് അതിൽ വിഷമം ഉണ്ട്
മുഖ്യമന്ത്രി മാപ്പ് പറയണം എന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ചുനിൽക്കുകയാണ്. ഒരു വിഭാഗത്തെ അടിച്ചമർത്തുന്ന രീതിയിൽ പരാമർശങ്ങൾ പാടില്ല. മുഖ്യമന്ത്രി തങ്ങളുടെ വീട്ടിലേക്ക് വരണമെന്ന ആവശ്യം തങ്ങൾക്കില്ല. തിരച്ചിൽ ഊർജിതമാക്കണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും ജിജി പറഞ്ഞു.
Content Highlights- Following protests, Kerala’s Home Minister and Fisheries Minister visited the house of John, who went missing in Vizhinjam