'BJPയുടെ തൊഴിലാളികളെപോലെ പെരുമാറരുത്, സമൂഹത്തോട് നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്';മാധ്യമങ്ങളോട് രാഹുല്‍

സര്‍ക്കാരിന്റെ വാക്കുകള്‍ അതുപോലെ ഏറ്റുപിടിച്ച് ഷോകള്‍ നടത്തുന്നത് രാജ്യത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണെന്നും രാഹുൽ

'BJPയുടെ തൊഴിലാളികളെപോലെ പെരുമാറരുത്, സമൂഹത്തോട് നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്';മാധ്യമങ്ങളോട് രാഹുല്‍
dot image

ന്യൂഡല്‍ഹി: അവകാശലംഘന നോട്ടീസിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമങ്ങള്‍ എപ്പോഴും നിഷ്പക്ഷമായിരിക്കണമെന്നും ബിജെപിയുടെ തൊഴിലാളികളെ പോലെ പെരുമാറരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് ലജ്ജാകരമാണ്, കുറഞ്ഞത് അല്‍പം വസ്തുതാപരമായ കാര്യങ്ങളെങ്കിലും ചെയ്യാന്‍ തയ്യാറാകണം. സര്‍ക്കാരിന്റെ വാക്കുകള്‍ അതുപോലെ ഏറ്റുപിടിച്ച് ഷോകള്‍ നടത്തുന്നത് രാജ്യത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. മാധ്യമങ്ങള്‍ക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്വമുണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. കേന്ദ്ര ബജറ്റിലെ ചര്‍ച്ചയ്ക്കിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കടുത്ത വാഗ്വാദങ്ങള്‍ നടക്കുകയാണ്. ഇതിനിടെയാണ് അവകാശലംഘന നോട്ടീസിനെക്കുറിച്ച് രാഹുല്‍ ഗാന്ധിയോട് മാധ്യമപ്രവര്‍ത്തകർ ചോദ്യം ചോദിച്ചത്.

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതോടെ കേന്ദ്രസര്‍ക്കാര്‍ ഭാരതമാതാവിനെ വിറ്റു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രധാന ആരോപണം. ഈ കരാര്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള കീഴടങ്ങലാണെന്നും ഊര്‍ജ്ജസുരക്ഷ യുഎസിന് അടിയറവ് വെച്ചുകൊണ്ട് കര്‍ഷകരുടെ താല്‍പര്യങ്ങള്‍ ബലി കഴിച്ചെന്നും രാഹുല്‍ ആരോപിച്ചു. ഇന്ത്യ ബ്ലോക്ക് സര്‍ക്കാരാണ് ചര്‍ച്ച നടത്തിയിരുന്നതെങ്കില്‍ ട്രംപിനോട് ഇന്ത്യയെ തുല്യമായി പരിഗണിക്കാന്‍ ആവശ്യപ്പെടുമായിരുന്നെന്നും രാഹുല്‍ സഭയില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് കിരണ്‍ റിജുജു വാര്‍ത്താസമ്മേളനത്തില്‍ തിരിച്ചടിച്ചിരുന്നു. പ്രധാനമന്ത്രി മോദിക്കെതിരെയും സര്‍ക്കാരിനെതിരെയും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനാണ് രാഹുലിന്റെ ശ്രമമെന്നും കിരണ്‍ റിജുജു കുറ്റപ്പെടുത്തി.

Content Highlight; Rahul Gandhi got angry with journalists who asked about the violation notice. Rahul Gandhi said that the media should always be impartial and should not behave like BJP workers.

dot image
To advertise here,contact us
dot image