

ന്യൂഡല്‍ഹി: തേജസ് യുദ്ധവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ വിങ് കമാന്‍ഡര്‍ നമാന്‍ സ്യാലിന്റെ ജീവന്‍ പൊലിഞ്ഞ വേദനയിലാണ് രാജ്യം. അതിനിടെ നമാന്‍ അപകടത്തില്‍ പെടുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പുള്ള വീഡിയോ പുറത്തുവന്നു. എയര്‍ ഷോ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിരോധ സഹമന്ത്രി സഞ്ജു സേത്ത്, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദീപക് മിത്തല്‍, ഇന്ത്യന്‍ അഡീഷണല്‍ സെക്രട്ടറി അസീം മഹാജന്‍ എന്നിവര്‍ക്കൊപ്പമുള്ളതാണ് ദൃശ്യങ്ങള്‍.
അതേസമയം, നമാന്‍ സ്യാലിന്റെ പിതാവ് അപകട വിവരം അറിഞ്ഞത് യൂട്യൂബില്‍ വീഡിയോകള്‍ തിരയുമ്പോഴാണ്. മകന്‍ പങ്കെടുക്കുന്ന എയര്‍ ഷോയുടെ വീഡിയോകള്‍ക്കായി യൂട്യൂബില്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടെയാണ് അപകടം സംബന്ധിച്ച വാര്‍ത്തകള്‍ നമന്‍ സിയാലിന്റെ പിതാവ് ജഗന്‍ നാഥ് സ്യാലിന്റെ ശ്രദ്ധയില്‍ പെടുന്നത്. ജഗന്‍ നാഥ് സ്യാലിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എയര്‍ ഷോയിലെ തന്റെ പ്രകടനം ടിവി ചാനലുകളിലോ യൂട്യൂബിലോ കാണാന്‍ മകന്‍ തലേന്ന് ഫോണില്‍ സംസാരിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ജഗന്‍ നാഥ് സ്യാല്‍ പറയുന്നത്. മകന്‍ ആവശ്യപ്പെട്ടത് പ്രകാരം അപകടം നടന്ന ദിവസം വൈകുന്നേരം നാല് മണിയോടെ ദുബായില്‍ നടന്നുകൊണ്ടിരിക്കുന്ന എയര്‍ ഷോയുടെ വീഡിയോകള്‍ യൂട്യൂബില്‍ തിരയുമ്പോഴാണ് വിമാനാപകടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടതെന്നാണ് നമാന്‍ സ്യാലിന്റെ പിതാവ് വ്യക്തമാക്കിയിരിക്കുന്നത്.
BHARAT SALUTES ITS BRAVE SON
— Rahul Shivshankar (@RShivshankar) November 21, 2025
R.I.P. Wing Commander Namansh Syal.
Soar to greater heights. Watch over your motherland like you've always done great son of Bharat Maa. pic.twitter.com/oBYSegdxXe
'അപകട വിവരം അറിഞ്ഞ ഉടന്‍ തന്നെ വിംഗ് കമാന്‍ഡര്‍ കൂടിയായ എന്റെ മരുമകളെ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഞാന്‍ തീരുമാനിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍, കുറഞ്ഞത് ആറ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ വീട്ടില്‍ എത്തി, എന്റെ മകന് എന്തോ മോശം സംഭവിച്ചതായി എനിക്ക് മനസ്സിലായി' എന്നായിരുന്നു ജ?ഗന്‍ നാഥ് സ്യാല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹിമാചലിലെ കാംഗ്ര ജില്ലയിലെ പട്യാല്‍കാഡ് ഗ്രാമത്തില്‍ നിന്നുള്ള ജഗന്‍ നാഥ് സ്യാല്‍ വിരമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലാണ്.
2009ലാണ് എന്‍ഡിഎ പരീക്ഷ പാസായ ശേഷം നമാന്‍ പ്രതിരോധ സേനയില്‍ ചേര്‍ന്നത്. ഡല്‍ഹൗസി പ്രൈമറി സ്‌കൂള്‍, യോള്‍ കാന്റ് ധര്‍മ്മശാലയിലെ ആര്‍മി പബ്ലിക് സ്‌കൂള്‍, ഹിമാചല്‍ പ്രദേശിലെ സുജന്‍പൂര്‍ തിരയിലെ സൈനിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ദുബായ് എയര്‍ ഷോയുടെ അഭ്യാസപ്രകടനത്തിന്റെ ഭാഗമായി രണ്ട് തവണ തേജസ് ആകാശത്ത് കരണംമറിഞ്ഞിരുന്നു (റോള്‍ ഓവര്‍). ഇതിന് ശേഷമാണ് അപകടത്തില്‍പ്പെട്ടത്. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് എയര്‍ഷോ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
എയര്‍ഷോയില്‍ പ്രദര്‍ശനത്തിനെത്തിയ വിമാനങ്ങളും ഹെലികോപ്ടറുകളും പ്രദര്‍ശിപ്പിച്ച ഭാഗത്ത് നിന്ന് 1.6 കിലോമീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമസേനാ വിമാനമാണ് തേജസ്. ഒരു പൈലറ്റ് മാത്രമുള്ള ലൈറ്റ് കോംപാക്ട് വിമാനമാണിത്.
Content Highlights: Wing Commander Namansh Syal's video before tejas crash