

കൊല്‍ക്കത്ത: ഡിസംബര്‍ 6 ന് ബാബറിന് സമ്ജിദ് ദിനത്തില്‍ പശ്ചിമംബംഗാളില്‍ ബാബറി മസ്ജിദിന് തറക്കല്ലിടുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ അവകാശവാദം വിവാദത്തില്‍. തൃണമൂല്‍ എംഎല്‍എ ഹുമയൂന്‍ കബീറിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. എംഎല്‍എ നൗഷാദ് സിദ്ധിഖിയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. രാഷ്ട്രീയ സെക്കുലർ മജ്ലിസ് പാർട്ടി എംഎല്‍എയാണ് സിദ്ധിഖി.
'ഡിസംബര്‍ 6 ന് ബെല്‍ഡംഗയില്‍ ബാബറി മസ്ജിദിന് തറക്കല്ലിടും. സിദ്ധിഖി ഒരു മതവിശ്വാസിയായതിനാല്‍ ചടങ്ങിലേക്ക് ക്ഷണിക്കുന്നു. എംഎല്‍എ എന്ന നിലയില്‍ അല്ല നമ്മള്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നത്. മറിച്ച് വിശ്വാസികളായ മുസ്ലിം എന്ന നിലയിലാണ്', ഹുമയൂന്‍ കബിര്‍ പറഞ്ഞു. എന്നാല്‍ സിദ്ധിഖി ഇതുവരെയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
മൂന്ന് വര്‍ഷം കൊണ്ട് പള്ളി പണിയുമെന്നാണ് ഹുമയൂന്റെ അവകാശവാദം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുസ്ലിം വോട്ടിനായുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കമാണിതെന്ന് ബിജെപി ആരോപിച്ചു.
ഡിസംബര്‍ ആറാം തീയതി തൃണമൂല്‍ കോണ്‍ഗ്രസ് മഹാറാലി സംഘടിപ്പിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൈനോറിറ്റി സെല്‍ എല്ലാ വര്‍ഷവും റാലി സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത്തവണ നേതൃത്വം ഇടപ്പെട്ട് ഉത്തരവാദിത്തം പാര്‍ട്ടി വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും യുവജന വിഭാഗത്തിനും വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും ഉള്‍പ്പെടെ റാലിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.
Content Highlights: Trinamool Congress MLA Humayun Kabir alleges foundation stone of Babri Masjid on 6 December