'ബിജെപി ഒരു പാർട്ടിയല്ല, അത് വഞ്ചനയാണ്'; എസ്ഐആർ 'കളി' യുപിയിൽ അടക്കം അനുവദിക്കില്ലെന്ന് അഖിലേഷ് യാദവ്

ബിഹാറില്‍ എസ്‌ഐആര്‍ വഴി കളിച്ച കളി പശ്ചിമബംഗാളിലോ തമിഴ്‌നാട്ടിലോ ഉത്തര്‍പ്രദേശിലോ നടക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു

'ബിജെപി ഒരു പാർട്ടിയല്ല, അത് വഞ്ചനയാണ്'; എസ്ഐആർ 'കളി' യുപിയിൽ അടക്കം അനുവദിക്കില്ലെന്ന് അഖിലേഷ് യാദവ്
dot image

പട്‌ന: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിഹാറില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) വഴി നടത്തുന്ന 'കളി' മറ്റ് സംസ്ഥാനങ്ങളില്‍ സാധ്യമാകില്ലെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ബിജെപി ഒരു പാര്‍ട്ടിയല്ലെന്നും അത് വഞ്ചനയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് അഖിലേഷിന്റെ പ്രതികരണം.

'ബിഹാറില്‍ എസ്‌ഐആര്‍ വഴി കളിച്ച കളി പശ്ചിമബംഗാളിലോ തമിഴ്‌നാട്ടിലോ ഉത്തര്‍പ്രദേശിലോ നടക്കില്ല. കാരണം ഈ തെരഞ്ഞെടുപ്പ് ഗൂഢാലോചന വെളിപ്പെട്ടുകഴിഞ്ഞു. ഇനി ഈ കളി കളിക്കാന്‍ ഞങ്ങള്‍ അവരെ അനുവദിക്കില്ല. സിസിടിവി പോലെ ഞങ്ങളുടെ പിപിടിവി അതായത് 'പിഡിഎ സെന്റിനെല്‍' ജാഗ്രതയോടെ തുടരുകയും ബിജെപിയുടെ പദ്ധതികളെ പരാജയപ്പെടുത്തുകയും ചെയ്യും. ബിജെപി ഒരു പാര്‍ട്ടിയല്ല. വഞ്ചനയാണ്': അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു.

ബിഹാറില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, സിപിഐ, സിപിഐഎം, സിപി ഐ എംഎല്‍, ഇന്ത്യന്‍ ഇന്‍ക്ലൂസീവ് പാര്‍ട്ടി എന്നീ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യമാണ് എന്‍ഡിഎ സഖ്യത്തെ നേരിട്ടത്. തേജസ്വിക്കും രാഹുല്‍ ഗാന്ധിക്കും യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും പുറത്തുവരുന്ന ഫലങ്ങള്‍ മറിച്ചാണ്. ആകെ 243 സീറ്റുകളില്‍ 203 എണ്ണത്തിലും എന്‍ഡിഎയ്ക്കാണ് മുന്നേറ്റം. മഹാഗഡ്ബന്ധന് ആകെ 33 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്. ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. 93 സീറ്റുകളിലാണ് ബിജെപി മുന്നില്‍. ജെഡിയു 82 സീറ്റുകളിലും ആര്‍ജെഡി 26 സീറ്റുകളിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലുമാണ് മുന്നില്‍.

Content Highlights: will not allow SIR game in UP and Tamil Nadu, bjp is not party, its fraud says akhilesh yadav

dot image
To advertise here,contact us
dot image