

കോഴിക്കോട്: ഇടത് രാഷ്ട്രീയ അനുഭാവിയും സമൂഹ്യ മാധ്യമരംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന അബു അരീക്കോടിന്റെ ഓര്‍മയില്‍ പിവി അന്‍വര്‍ ഫേസ്ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തി. ആത്മീയതയും ഇടത് സൈദ്ധാന്തികതയും സമന്വയിപ്പിച്ച് ഫാഷിസത്തിനെതിരെ ഉറച്ച നിലപാട് എഴുതിയും പറഞ്ഞും അബു എന്നോ ഒരിക്കല്‍ പ്രിയപ്പെട്ടവനായിയെന്നും ഹൃദയത്തില്‍ സൗഹൃദത്തിന്റെ ഒരു ചരട് പൊട്ടിയ വേദനയാണെന്നും അബുവിന്റെ വേര്‍പാടില്‍ പിവി അന്‍വര്‍ തന്റെ വിഷമം പങ്കുവച്ചത്. ഒരു വാക്ക് എന്നോടൊന്ന് പറഞ്ഞിരുന്നെങ്കില്‍, ഒന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഓര്‍ത്ത് പോവുന്നെന്നും പിവി അന്‍വര്‍ കൂട്ടിചേര്‍ത്തു.
ഇന്നലെയാണ് നിയമ വിദ്യാര്‍ഥിയായ അബു അരീക്കോടിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മര്‍കസ് ലോ കോളേജിലെ വിദ്യാര്‍ഥിയായിരുന്നു അബു. കഴിഞ്ഞ ദിവസം അബുവിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അടക്കുമുള്ള രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അബുവിനെ അനുസ്മരിച്ച് കെ ടി ജലീല്‍ എംഎല്‍എയും ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. അരീക്കോട് പൂങ്കുടി സ്വദേശി നെല്ലികുന്ന് വീട്ടില്‍ അബ്ദുള്‍ കരീം, വഹബി ദമ്പതികളുടെ മകനാണ് അബു.
അതേസമയം അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കോടഞ്ചേരി പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ലോണ്‍ ആപ്പ് തട്ടിപ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇടത് സൈബര്‍ ഇടങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അബു അരീക്കോട്. വി സി അബൂബക്കര്‍, അബു അരീക്കോട് എന്ന പേരിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഇടപെട്ടിരുന്നത്.
Content Highlights: PV Anwar posted a Facebook post in memory of Abu Areekode