എല്ലാ സർക്കാരുകളും ബ്രാഹ്‌മണരുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം; വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി

27 വര്‍ഷമായി ഡല്‍ഹി മന്ദഗതിയിലാണ് നീങ്ങുന്നതെന്നും മുന്‍ സര്‍ക്കാരുകളെ ലക്ഷ്യം വെച്ച് അവര്‍ പറഞ്ഞു

എല്ലാ സർക്കാരുകളും ബ്രാഹ്‌മണരുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം; വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി
dot image

ന്യൂഡല്‍ഹി: സമൂഹത്തില്‍ അറിവിന്റെ ജ്വാല തെളിയിച്ചത് ബ്രാഹ്‌മണരാണെന്നും അതുകൊണ്ടുതന്നെ എല്ലാസര്‍ക്കാറുകളും ബ്രാഹ്‌മണരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നുമുള്ള വിവാദ പരാമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ഡല്‍ഹിയിലെ പിതംപുരയില്‍ ബ്രാഹ്‌മണസഭ സംഘടിപ്പിച്ച ഓള്‍ ഇന്ത്യന്‍ ബ്രാഹ്‌മിണ്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം.

'സമൂഹത്തില്‍ ആരെങ്കിലും അറിവിന്റെ ജ്വാല തെളിയിക്കുകയാണെങ്കില്‍ അത് നമ്മുടെ ബ്രാഹ്‌മണ സമൂഹമാണ്. അവര്‍ വേദങ്ങളെ മാത്രമല്ല, ആയുധങ്ങളെയും ആരാധിക്കുന്നു. ആയുധങ്ങളിലൂടെയും വേദങ്ങളിലൂടെയും മാത്രമേ ഇന്ന് നമുക്ക് സമൂഹത്തെയും രാജ്യത്തെയും സംരക്ഷിക്കാന്‍ കഴിയൂ', അവര്‍ പറഞ്ഞു.

'അറിവിന്റെ ജ്വാല ജ്വലിപ്പിച്ചും മതം പ്രചരിപ്പിച്ചും സല്‍സ്വഭാവം വളര്‍ത്തിയെടുത്തും ബ്രാഹ്‌മണ സമൂഹം എല്ലായ്‌പ്പോഴും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏത് സര്‍ക്കാര്‍ അധികാരത്തിലായാലും ബ്രാഹ്‌മണ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണം,' മുഖ്യമന്ത്രി പറഞ്ഞു.

27 വര്‍ഷമായി ഡല്‍ഹി മന്ദഗതിയിലാണ് നീങ്ങുന്നതെന്നും മുന്‍ സര്‍ക്കാരുകളെ ലക്ഷ്യം വെച്ച് അവര്‍ പറഞ്ഞു.

'ഡല്‍ഹിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും നല്‍കുക, കാരണം കഴിഞ്ഞ 27വര്‍ഷമായി ഡല്‍ഹി മന്ദഗതിയിലാണ് നീങ്ങുന്നത്. നമുക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങള്‍ നമ്മെ മറികടന്നതായി തോന്നുന്നു. ഡല്‍ഹിയുടെയും ഇവിടുത്തെ ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കായി നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും ഡല്‍ഹി ഒരു വികസിത ഡല്‍ഹിയായി മാറും', അവർ പറഞ്ഞു. ഓരോ സമുദായത്തിനും തുല്യ അവസരങ്ങള്‍ നല്‍കാനാണ് തന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights: Rekha Gupta sparked a row after said that Brahmins ignite the flame of knowledge in our society

dot image
To advertise here,contact us
dot image