
കരൂര്‍ ദുരന്തം: കരൂരില്‍ സംഘടിപ്പിച്ച റാലി ദുരന്തത്തില്‍ കലാശിച്ചതില്‍ തമിഴക വെട്രി കഴകം നേതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കരൂര്‍ ടൗണ്‍ പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടന്‍ വിജയ്‌ക്കെതിരെയും കേസെടുക്കും.
അതേസമയം, അപകടത്തില്‍ 38 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പന്ത്രണ്ട് പുരുഷന്മാര്‍, പതിനാറ് സ്ത്രീകള്‍, അഞ്ച് ആണ്‍കുട്ടികള്‍, അഞ്ച് പെണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ കരൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഇന്ന് വൈകിട്ടായിരുന്നു വിജയ്യുടെ റാലിക്കിടെ വന്‍ അപകടം നടന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പന്ത്രണ്ടോളം പേരുടെ നില ഗുരുതരമാണ്.
സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ ഒരു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവ സ്ഥലത്തേയ്ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തിരിച്ചിട്ടുണ്ട്. തമിഴ്‌നാട് ആരോഗ്യമന്ത്രിയടക്കം കരൂരിലെ ആശുപത്രിയിലുണ്ട്.
Content Highlights- Police takes case on vijay eally stampede