
ലേ: ലഡാക്കിലെ പ്രക്ഷോഭത്തിന് പിന്നാലെ തന്നെ വേട്ടയാടുന്നുവെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്. കുറ്റങ്ങള്‍ എല്ലാം തന്റെ മേല്‍ ചുമത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്നും സിബിഐയുടെയും ഐടി വകുപ്പിന്റെയും നോട്ടീസ് ലഭിച്ചതായും സോനം വാങ്ചുക് വ്യക്തമാക്കി. സോനം വാങ്ചുകിന്റെ സന്നദ്ധ സംഘടനയ്ക്കുള്ള വിദേശ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ലേയിലെ പ്രതിഷേധത്തിന് തൊട്ടടുത്ത ദിവസം എന്റെ പേര് ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പിറക്കി. നിങ്ങളുടെ സ്ഥാപനത്തിന് എഫ്‌സിആര്‍എ ഇല്ലാതിരുന്നപ്പോഴും നിങ്ങള്‍ വിദേശ ഫണ്ട് സ്വീകരിച്ചെന്ന് അതില്‍ പറയുന്നു. ഞങ്ങള്‍ക്ക് വിദേശ ഫണ്ട് ആവശ്യമില്ലാത്തതിനാല്‍ തന്നെ ഞങ്ങള്‍ക്ക് എഫ്‌സിആര്‍എ ലഭിച്ചിട്ടില്ല. നമ്മുടെ പാസീവ് സോളാര്‍ ഹീറ്റഡ് ബില്‍ഡിങ് അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോകാന്‍ ഐക്യരാഷ്ട്ര സഭ ആഗ്രഹിച്ചു. ഇതിന് വേണ്ടി അവര്‍ ഞങ്ങള്‍ക്ക് ഫീസ് നല്‍കി. നമ്മുടെ കൃത്രിമ ഹിമാനികളെ കുറിച്ചുള്ള അറിവ് പറഞ്ഞ് കൊടുക്കുന്നതിന് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നും ഇറ്റലിയിലെ ഓര്‍ഗനൈസേഷനുകളില്‍ നിന്നും ടാക്‌സ് ഉള്‍പ്പെട്ട ഫീസ് നമുക്ക് ലഭിച്ചിരുന്നു', അദ്ദേഹം വ്യക്തമാക്കി.
#WATCH | Leh, Ladakh | Over CBI probe on his institute for alleged FCRA violation, Activist Sonam Wangchuk says, "In the series of witch hunting, yesterday's events were the last and all blame was put on Sonam Wangchuk."
— ANI (@ANI) September 25, 2025
"A day later (after Leh protests), the Home Ministry of… pic.twitter.com/YtRscAPnx7
സോനം വാങ്ചുക്കിന്റെ സ്റ്റുഡന്റ്സ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക് എന്ന എന്‍ജിഒയ്ക്കുള്ള വിദേശ ഫണ്ട് തടയുന്നുവെന്നും ഇതിനായുള്ള എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ തനിക്ക് വിദേശ ഫണ്ട് ലഭിക്കാറില്ലെന്നാണ് ഇപ്പോള്‍ സോനം വ്യക്തമാക്കിയത്.
അതേസമയം ലഡാക്ക് സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ലഡാക്കിലെ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു എന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ആരോപിച്ചു. തദ്ദേശ ഭരണകൂടങ്ങളെ ലെഫ്റ്റനന്റ് ഗവര്‍ണറും ഉദ്യോഗസ്ഥരും നിയന്ത്രിക്കുന്നുവെന്നും ജനങ്ങളുടെ ഭൂമി, തൊഴില്‍ അവകാശങ്ങള്‍ എന്നിവയ്ക്ക് ഭീഷണി നേരിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഡാക്ക് ജനത എപ്പോഴും അഭിമാനിക്കുന്ന ഇന്ത്യക്കാരാണ്. അവരുടെ വേദനയും കഷ്ടപ്പാടും കേന്ദ്രം മനസിലാക്കണമെന്നും എത്രയും വേഗം പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.
Content Highlights: Sonam Wangchuk says he get CBI IT notice after Ladakh protest