
ഈ വർഷത്തെ മേജർ ലീഗ് സോക്കർ സീസൺ അവസാനത്തോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച് സ്പാനിഷ് സൂപ്പർതാരവും ഇന്റർമയാമി മധ്യനിരക്കാരനുമായ സെർജിയോ ബസ്‌കെറ്റ്‌സ്. ബാഴ്സലോണ , മയാമി, സ്പെയിൻ എന്നിവയുമായുള്ള ഏകദേശം 20 വർഷത്തെ കരിയറിന് ശേഷമാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് സ്പാനിഷ് താരം തന്റെ തീരുമാനം പുറത്തുവിട്ടത്.
'ഒരു പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരൻ എന്ന നിലയിൽ എന്റെ കരിയറിനോട് വിട പറയാൻ സമയമായി എന്ന് എനിക്ക് തോന്നുന്നു. ഞാൻ എപ്പോഴും സ്വപ്നം കണ്ടിരുന്ന ഈ അവിശ്വസനീയമായ ഈ ജീവതം ആരംഭിച്ചിട്ട് ഏകദേശം 20 വർഷമായി. ഫുട്‌ബോൾ എന്നെ മികച്ച സ്ഥലങ്ങളിൽ എത്തിക്കുകയും മികച്ച അനുഭവം നൽകുകയും ചെയ്തു. അതും മികച്ച സഹയാത്രികർക്കൊപ്പം.
ബാഴ്‌സലോണക്ക് നന്ദി, ക്ലബ്ബ് ഓഫ് മൈ ലൈഫ്. ചെറുപ്പം മുതൽ ആഗ്രഹിച്ച ക്ലബ്ബിന് വേണ്ടി 100ന് മുകളിൽ മത്സരങ്ങൾ കളിക്കാൻ സാധിച്ചു. ക്യാമ്പ് നൗവിൽ ഒരിക്കലും മറക്കാത്ത ഒരുപാട് കഥകളിൽ ജീവിക്കാൻ സാധിച്ചു. സ്‌പെയിൻ ദേശീയ ടീമിന് നന്ദി. നിരവധി തവണ ടീമിനെ പ്രതിനിധീകരിക്കാനും എന്റെ ഹൃദയത്തിൽ എന്നും നിലനിൽക്കുന്ന നേട്ടങ്ങൾ ആസ്വദിക്കാനും കഴിഞ്ഞത് ഒരു ബഹുമതിയാണ്.
പുതിയതും വളർന്നുവരുന്നതുമായ ഒരു ക്ലബ്ബിന്റെ ഭാഗമാകാൻ എന്നെ അനുവദിച്ചതിന് ഇന്റർ മിയാമിക്കും നന്ദി, അവിടെ ഒരു പുതിയ അനുഭവം അനുഭവിക്കാനും എന്റെ പങ്ക് സംഭാവന ചെയ്യാനും ഞാൻ ആഗ്രഹിച്ചിരുന്നു,' ഇൻസ്റ്റയിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
ബാഴ്‌സയിൽ 700ൽ അധികം കളികളിൽ പങ്കെടുത്ത താരം ഒന്നിലധികം ലാ ലിഗ കിരീടങ്ങൾ, ചാമ്പ്യൻസ് ലീഗ് ട്രോഫികൾ, കോപ്പ ഡെൽ റേ വിജയങ്ങൾ എന്നിവയെല്ലാം സ്വന്താക്കി. 2008, 2012 വർഷങ്ങളിലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും, 2010 ലോകകപ്പും നേടിയ ട്രെബിൾ പൂർത്തിയാക്കിയ ചരിത്രപ്രസിദ്ധമായ സ്പാനിഷ് ദേശീയ ടീമിന്റെയും ഭാഗമാകാൻ ബുസ്‌കെറ്റ്‌സിന് സാധിച്ചു.
ബാഴ്സലോണയിലെ ചരിത്രപരമായ കരിയറിന് ശേഷം, 2023 ൽ ലയണൽ മെസി , ജോർദി ആൽബ എന്നിവർക്കൊപ്പം ബുസ്‌കെറ്റ്‌സ് ഇന്റർ മിയാമിയിൽ ചേരുകയായിരുന്നു.
2023 ലെ പ്രഥമ ലീഗ് കപ്പ് വിജയത്തിലും 2024 ലെ സപ്പോർട്ടേഴ്സ് ഷീൽഡിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്നതിനുള്ള ലീഗ് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്ത മയാമി ടീമിന്റെ ഭാഗമാകാനും ബുസിക്ക് സാധിച്ചു.
Content Highlights- Sergio Busquets to Retire from professional footbal