ജാതി സർവേ തുടരാമെന്ന് കർണാടക ഹൈക്കോടതി;ഡാറ്റകൾ രഹസ്യമായിസൂക്ഷിക്കണമെന്ന് നിര്‍ദ്ദേശം

സർവേയിൽ ഇടപെടാൻ കാരണമൊന്നും കാണുന്നില്ലെന്ന് കോടതി പറഞ്ഞു

ജാതി സർവേ തുടരാമെന്ന് കർണാടക ഹൈക്കോടതി;ഡാറ്റകൾ രഹസ്യമായിസൂക്ഷിക്കണമെന്ന് നിര്‍ദ്ദേശം
dot image

ബെംഗളൂരു : കർണാടക സർക്കാർ ആരംഭിച്ച ജാതിസർവേയിൽ (സാമൂഹിക-സാമ്പത്തിക സർവേ) ഇടപെടാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി. സർവേ തടയണമെന്നാവശ്യപ്പെട്ട ഹർജികൾ കോടതി തള്ളി.ശേഖരിക്കുന്ന ഡാറ്റകൾ പുറത്താകില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു. സർവേയിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്ന കാര്യം വിജ്ഞാപനം ചെയ്യണമെന്നും നിർദേശിച്ചു. താത്പര്യമുണ്ടെങ്കിൽ മാത്രം പങ്കെടുത്താൽ മതിയെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് വിഭു ബഖ്‌റു, ജസ്റ്റിസ് സിഎം ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. രാജ്യവൊക്കലിഗ സംഘ, അഖില കർണാടക ബ്രാഹ്മണ മഹാസഭ, അഖില കർണാടക വീരശൈവ-ലിംഗായത്ത് മഹാസഭ എന്നിവയുൾപ്പെടെ നൽകിയ ഒരുകൂട്ടം പൊതുതാത്പര്യ ഹർജികൾ പരിഗണിച്ചാണ് കോടതി വിധി. സർവേ താത്കാലികമായി തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സർവേയിൽ ഇടപെടാൻ കാരണമൊന്നും കാണുന്നില്ലെന്ന് കോടതി പറഞ്ഞു. സർവേയെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു.

Also Read:

സർവേയിലെ ഡാറ്റകൾ സ്വകാര്യമായി സൂക്ഷിക്കുന്നത് ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികൾ വിവരിച്ച് വെള്ളിയാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി പിന്നാക്കവിഭാഗ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാക്കവിഭാഗ കമ്മിഷന്റെ മേൽനോട്ടത്തിലാണ് സർവേ നടത്തുന്നത്. സർവേയിൽ ഒരു വിവരവും നിർബന്ധമായി ആരും നൽകേണ്ടതില്ലെന്നകാര്യം എന്യൂമറേറ്റർമാരെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

ഓരോ സമുദായങ്ങൾക്കും അവരുടെ പ്രാതിനിധ്യം ശരിയായരീതിയിൽ ലഭിച്ചിട്ടുണ്ടോയെന്ന വിവരമാണ് സർവേയിൽ ശേഖരിക്കുന്നതെന്ന് പിന്നാക്ക കമ്മിഷൻ കോടതിയിൽ ബോധിപ്പിച്ചു. സർവേയിൽ പങ്കെടക്കാൻ ആരെയും നിർബന്ധിക്കേണ്ടതില്ലെന്നും എന്യൂമറേറ്റർമാർക്ക് പരിശീലനവേളയിൽ നിർദേശം നൽകിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

Content Highlight : Karnataka High Court allows caste survey to continue; data must be kept confidential

dot image
To advertise here,contact us
dot image