എച്ച്-1ബി വിസ: കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ മാനുഷിക പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കാമെന്ന് വിദേശകാര്യ മന്ത്രാലയം

വിഷയത്തിൽ യുഎസ് ഭരണകൂടം ഉചിതമായ ഇടപെടൽ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു

എച്ച്-1ബി വിസ: കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ മാനുഷിക പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കാമെന്ന് വിദേശകാര്യ മന്ത്രാലയം
dot image

ന്യൂഡൽഹി: എച്ച്-1ബി വിസയ്ക്കുള്ള വാർഷിക ഫീസ് ഉയർത്തിക്കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപിന്റെ നടപടിയിൽ പ്രതികരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വിസ ഫീസ് വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും രാജ്യത്തെ വ്യവസായ മേഖലയെ ഉൾപ്പെടെ യുഎസിന്റെ നടപടി എത്തരത്തിൽ ബാധിക്കുമെന്നത് വിശകലനം ചെയ്യുകയാണെന്നും മന്ത്രാലയം ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.

പുതിയ തീരുമാനത്തിൽ കുടുംബങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാനുഷിക പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കാം. കണ്ടുപിടിത്തങ്ങളിലും സർഗാത്മകതയിലും ഇന്ത്യയിലേയും യുഎസിലേയും വ്യവസായങ്ങൾക്ക് വലിയ പങ്കുണ്ട്. മികച്ച രീതിയിൽ മുന്നോട്ടു പോകാനുള്ള വഴി കണ്ടെത്താൻ ഇരുകൂട്ടരും ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലും യുഎസിലും സാമ്പത്തിക വളർച്ച, മത്സരക്ഷമത, സാങ്കേതിക വികസനം, കണ്ടുപിടിത്തങ്ങൾ എന്നിവയിൽ വിദഗ്ധരുടെ സംഭാവനകളുണ്ട്. ഈ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധമുൾപ്പെടെ കണക്കിലെടുത്താകും നയരൂപീകരണ വിദഗ്ധർ വിഷയത്തെ കൈകാര്യം ചെയ്യുക. വിഷയത്തിൽ യുഎസ് ഭരണകൂടം ഉചിതമായ ഇടപെടൽ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

Content Highlights: H-1B visa fee hike indian foriegn ministry responds

dot image
To advertise here,contact us
dot image