നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ത്ഥനാഗീതം ചൊല്ലി ഡി കെ ശിവകുമാര്‍; കാരണം ഇങ്ങനെ

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ ആലോചിക്കുകയാണോ- പരിഹാസവുമായി ബിജെപി

Ben Jack
2 min read|22 Aug 2025, 02:25 pm
dot image

ബെംഗളൂരു: നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ത്ഥന ചൊല്ലി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ആര്‍എസ്എസ് ശാഖകളില്‍ പാടാറുള്ള 'നമസ്‌തേ സദാ വത്സലേ മാതൃഭൂമേ' എന്ന് തുടങ്ങുന്ന ഗാനമാണ് ഡി കെ ശിവകുമാര്‍ ആലപിച്ചത്. ശിവകുമാറിന്റെ ഗാനാലാപനം സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. വ്യാഴാഴ്ച്ച കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍എസ്എസ് പ്രാര്‍ത്ഥനഗീതം ആലപിച്ചത്. ഡി കെ ശിവകുമാര്‍ ഒരു കാലത്ത് ആര്‍എസ്എസ് വേഷം ധരിച്ചിരുന്നു എന്ന പ്രതിപക്ഷ നേതാവ് ആര്‍ അശോകയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു അദ്ദേഹം തമാശരൂപത്തില്‍ ആര്‍എസ്എസ് പ്രാര്‍ത്ഥനാഗീതം ചൊല്ലിയത്.

വിമര്‍ശനവുമായി നിരവധിയാളുകള്‍ രംഗത്തെത്തിയതോടെ, താന്‍ എക്കാലവും കോണ്‍ഗ്രസുകാരനായിരിക്കും എന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസിനെക്കുറിച്ച് പ്രസംഗിച്ചതിനെ കോണ്‍ഗ്രസ് വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാറിന്റെ ഗാനാലാപനം. സംഭവത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ ആലോചിക്കുകയാണോ എന്ന പരിഹാസവുമായി ബിജെപി രംഗത്തെത്തി.

'ജന്മനാ ഞാനൊരു കോണ്‍ഗ്രസുകാരനാണ്. ഒരു നേതാവെന്ന നിലയില്‍ എന്റെ എതിരാളികളെയും സുഹൃത്തുക്കളെയും ഞാന്‍ അറിയണം. അവരെക്കുറിച്ച് ഞാന്‍ പഠിച്ചിട്ടുണ്ട്. ബിജെപിയുമായി കൈകോര്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ട. ഞാന്‍ കോണ്‍ഗ്രസിനെ നയിക്കും. ജനിച്ചകാലം മുതല്‍ ഞാന്‍ കോണ്‍ഗ്രസിനൊപ്പമാണ്.' ശിവകുമാര്‍ പറഞ്ഞു.

Content Highlight; DK Shivakumar Sings RSS Anthem in Karnataka Assembly

dot image
To advertise here,contact us
dot image