നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല; തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് വിദേശകാര്യ വക്താവ്

'വിഷയത്തിൽ ഇടപെടാൻ സർക്കാരുകളുമായി ബന്ധപ്പെടുന്നുണ്ട്'

dot image

ന്യൂഡൽഹി: യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തെറ്റെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ. സങ്കീർണമായ വിഷയമാണിതെന്നും സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രമഫലമായി വധശിക്ഷ മാറ്റിവെച്ചു. വിഷയത്തിൽ ഇടപെടാൻ സർക്കാരുകളുമായി ബന്ധപ്പെടുന്നുണ്ട്. അഭ്യൂഹങ്ങൾ അടിസ്ഥാനമാക്കി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കരുത്. തെറ്റായ മാധ്യമ റിപ്പോർട്ടുകൾ ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.

അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന വാർത്തയിൽ പ്രതികരണവുമായി കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയുടെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി രംഗത്തെത്തി. വധശിക്ഷ നീട്ടിവെച്ചു എന്നതിനർത്ഥം വിധി റദ്ദാക്കി എന്നല്ലെന്നാണ് സഹോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെയ്ക്കുന്നത് അസാധാരണമോ അത്ഭുതമുണ്ടാക്കുന്നതോ ആയ സംഭവമല്ലെന്നും സമാനമായ പല കേസുകളിലും സംഭവിക്കുന്നതുപോലെ സ്വാഭാവിക നടപടിയാണെന്നും അബ്ദുൾ ഫത്താഹ് മഹ്ദി പറഞ്ഞു. നിയമങ്ങളെക്കുറിച്ച് ധാരണയുളളവർക്ക് ഇക്കാര്യം മനസിലാകും. ഒരു നിശ്ചിത സമയത്തേക്ക് ശിക്ഷ മാറ്റിവെക്കാൻ അറ്റോർണി ജനറലിന് അധികാരമുണ്ട്. സത്യം പരാജയപ്പെടില്ല, പുതിയ വധശിക്ഷാ തീയതി എത്രയും വേഗം നിശ്ചയിക്കപ്പെടുമെന്നും ഫത്താഹ് കൂട്ടിച്ചേർത്തു.

ജൂലൈ 28-നാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് അറിയിച്ചത്. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായി എന്നാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്. നേരത്തെ ജൂലൈ 16-ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. യെമനിലെ പ്രമുഖ സൂഫി​ പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോ​ഗിക ചർച്ചകൾ ആരംഭിച്ചത്.

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017-ലാണ് യെമൻ പൗരനായ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരിൽകണ്ട് മോചനം സാധ്യമാക്കാൻ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.

Content Highlihts: ministry of external affairs on nimisha priya's death sentence

dot image
To advertise here,contact us
dot image