
ന്യൂഡല്‍ഹി: വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്തതിന് യുവതിയ്‌ക്കെതിരെ സഞ്ചാരനിയന്ത്രണ ഉത്തരവുമായി കോടതി. പരാതിക്കാരന്റെ വസതിയുടെ 300 മീറ്റര്‍ ചുറ്റളവില്‍ യുവതി പ്രവേശിക്കരുതെന്നാണ് ഉത്തരവ്. ഡല്‍ഹി രോഹിണി കോടതിയിലെ സിവില്‍ ജഡ്ജി രേണുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പരാതിക്കാരനെയോ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏതെങ്കിലും അംഗത്തെയോ നേരിട്ടോ അല്ലെങ്കില്‍ ഇലക്ട്രോണിക്, ടെലിഫോണ്‍,സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും മാര്‍ഗങ്ങളിലൂടെയോ പിന്തുടരുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതില്‍ നിന്ന് യുവതിയെ വിലക്കികൊണ്ടാണ് ഉത്തരവ്.
2019ലാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ഒരു ആശ്രമത്തില്‍വെച്ചായിരുന്നു ഇത്. പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ യുവതി പരാതിക്കാരനോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. താന്‍ വൃദ്ധനും വിവാഹിതനാണെന്നും പറഞ്ഞത് പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയാണ് പരാതിക്കാരന്‍ ചെയ്തത്. യുവതിയും ഇതേ സമയത്ത് വിവാഹിതയായിരുന്നു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവതി പരാതിക്കാരനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്താന്‍ തുടങ്ങി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരാതിക്കാരനെയും മക്കളെയും പിന്തുടര്‍ന്നു. ഒരു ദിവസം പരാതിക്കാരന്റെ വീട്ടിലെത്തി ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു. തന്നെ അവഗണിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ ആരോപിക്കുന്നു.
പ്രതിയുടെ പെരുമാറ്റം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള വാദിയുടെ അവകാശത്തെ ബാധിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഇത് സമാധാനപരമായി ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നും കോടതി വിലയിരുത്തി.
Content Highlights: court restrained a woman from stalking and harassing a married man