
ന്യൂ ഡൽഹി: ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ അവസരം ലഭിക്കാത്തതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷവിമർശനവുമായി മനീഷ് തിവാരിയുടെ എക്‌സ് പോസ്റ്റ്. താൻ ഭാരതീയനെന്നും, ഈ രാജ്യത്തിന്റെ കഥകൾ പറയുന്നവനെന്നുമുള്ള പാട്ടിന്റെ വരികൾ പങ്കുവെച്ചുകൊണ്ടാണ് മനീഷ് തിവാരി അതൃപ്തി പങ്കുവെച്ചിരിക്കുന്നത്. തന്നെയും തരൂരിനെയും എന്തുകൊണ്ട് പരിഗണിച്ചില്ല എന്നത് ചൂണ്ടിക്കാട്ടിയുള്ള ഒരു പത്രവാർത്തയും പോസ്റ്റിനൊപ്പം തിവാരി പങ്കുവെച്ചിട്ടുണ്ട്.
'പുരാബ് ഓർ പച്ചിം' എന്ന ചിത്രത്തിലെ പാട്ടിന്റെ വരികളാണ് മനീഷ് തിവാരി പങ്കുവെച്ചത്. 'ഞാൻ ഈ പ്രദേശത്തെ ശീലങ്ങളെ ഇഷ്ടപ്പെടുന്നു, ഈ പ്രദേശത്തെ പാട്ടുകൾ പാടുന്നു, ഞാൻ ഒരു ഭാരതീയനാണ്, ഈ രാജ്യത്തിന്റെ കഥകൾ പറയുന്നവൻ' എന്ന വരികളാണ് തിവാരി പങ്കുവെച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ ലോക്‌സഭയിൽ നടക്കുന്ന ചർച്ചയിൽ സംസാരിക്കാൻ മനീഷ് തിവാരി അവസരം ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് അവസരം നൽകിയിരുന്നില്ല. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള വിദേശ പ്രതിനിധി സംഘത്തിൽ മനീഷ് തിവാരിയും അംഗമായിരുന്നു.
है प्रीत जहां की रीत सदा
— Manish Tewari (@ManishTewari) July 29, 2025
मैं गीत वहां के गाता हूं
भारत का रहने वाला हूं
भारत की बात सुनाता हूं
Hai preet jahaan ki reet sada
Main geet wahaan ke gaata hoon
Bharat ka rehne waala hoon
Bharat ki baat sunata hoon
- Jai Hind pic.twitter.com/tP5VjiH2aD
ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ നിന്ന് ശശി തരൂർ എംപിയും പിന്മാറിയിരുന്നു. പാർട്ടി സംസാരിക്കാൻ ആവശ്യപ്പെട്ടെങ്കിലും തരൂർ സ്വയം പിന്മാറുകയായിരുന്നു. താൻ മൗനവൃത്തത്തിലാണ് എന്നാണ് തരൂർ പറഞ്ഞത്.
അതേസമയം, ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ വലിയ ബഹളമാണ് സഭയിൽ ഉണ്ടായത്. ഇതിനിടെ ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വാദത്തിലും ജയശങ്കർ വ്യക്തത വരുത്തിയിരുന്നു. പഹല്‍ഗാം ആക്രമണത്തിന്റെ സമയത്തോ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച സമയത്തോ, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയത്തോ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റുമായി സംസാരിച്ചിട്ടില്ല. ജെ ഡി വാന്‍സുമായി സംസാരിച്ചിരുന്നുവെങ്കിലും വെടിനിര്‍ത്തലിനെ സംബന്ധിച്ചോ, അവര്‍ വാദിക്കുന്നത് പോലെ വ്യാപര ചര്‍ച്ചകളോ നടന്നിരുന്നില്ല എന്നുമാണ് ജയശങ്കർ വ്യക്തമാക്കിയത്.
ചർച്ച ആരംഭിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓപ്പറേഷൻ സിന്ദൂറിനെ ചരിത്രപരമായ നീക്കമെന്നാണ് വിശേഷിപ്പിച്ചത്. തുടർന്ന് എങ്ങനെയാണ് ഇന്ത്യ ദൗത്യം നടത്തിയത് എന്നും പ്രതിരോധ മന്ത്രി വിശദീകരിച്ചിരുന്നു. ഇന്ത്യയുടെ ആക്രമണം പ്രതിരോധമായിരുന്നുവെന്നും ഭീകര പ്രവർത്തനം ആരംഭിച്ചാൽ ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കുമെന്നും രാജ്‌നാഥ് സിങ് പാകിസ്താന് മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlights: Manish tiwaris dig at congress for not allowing him to speak at operation sindoor discussion