
ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ രാജിക്ക് പിന്നാലെ ഓഫീസ് ജീവനക്കാരെ മാതൃ കേഡറിലേക്ക് തിരിച്ച് വിളിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ഓഫീസില്‍ വളരെ കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളതെന്നും അവരും മാതൃ കേഡറിലേക്ക് മടങ്ങാനുള്ള നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ഉപരാഷ്ട്രപതിക്കായി പുതുതായി നിര്‍മ്മിച്ച ഓഫീസിന്റെ ഒരു ഭാഗം പൂട്ടിയതായാണ് വിവരം. ധന്‍കറിന്റെ സെക്രട്ടറി, പ്രിന്‍സിപ്പള്‍ പ്രൈവറ്റ് സെക്രട്ടറി, പ്രത്യേക ചുമതല ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരും ഓഫീസ് വിട്ടവരുടെ പട്ടികയിലുണ്ട്. വിരമിച്ച ശേഷം ധന്‍കറിന് പേഴ്‌സണല്‍ സ്റ്റാഫുകളുടെ അഞ്ചംഗ സംഘത്തെയും ടൈപ്പ് VIII ബംഗ്ലാവോ അല്ലെങ്കില്‍ അതിന് സമാനമായ വസതിയോ അനുവദിക്കും. നിലവില്‍ ധന്‍കറിന് ഓഫീസ് വിടാന്‍ ഒരു മാസം കാലാവധിയാണ് നല്‍കിയിരിക്കുന്നത്.
രാഷ്ട്രപതിക്ക് രാജി നല്‍കിയതിന് ശേഷമാണ് ധന്‍കര്‍ തന്റെ ഓഫീസ് വിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ഭരണഘടന പ്രധാനമായ സ്ഥാനം വഹിക്കുന്നവര്‍ സ്ഥാനം ഒഴിയുമ്പോള്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ മാതൃ കേഡറിലേക്ക് പോകുന്നത് സാധാരണയാണെങ്കിലും വേഗതിയിലുള്ള ഉദ്യോഗസ്ഥരുടെ പിന്‍വാങ്ങല്‍ ധന്‍കറും സര്‍ക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ വാര്‍ത്തകളെ ശക്തിപ്പെടുത്തുന്നതാണ്.
ജൂലൈ 21-നാണ് ജഗ്ദീപ് ധൻകർ രാജിവെച്ചത്. അപ്രതീക്ഷിതമായായിരുന്നു രാജി പ്രഖ്യാപനം. 'ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരം ഞാൻ രാജിവെക്കുന്നു. ഇതുവരെ നൽകിയ പിന്തുണയ്ക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെന്റംഗങ്ങൾക്കും നന്ദി പറയുന്നു. ആരോഗ്യം അനുവദിക്കാത്തതിനാൽ മാറിനിൽക്കുന്നു' എന്നാണ് രാഷ്‌ട്രപതി ദ്രൗപതി മുർമുവിനയച്ച രാജി കത്തിൽ ധൻകർ പറഞ്ഞത്.
അതേസമയം, പുതിയ ഉപരാഷ്ട്രപതി ബിജെപിയിൽ നിന്നാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മുതിർന്ന ബിജെപി നേതാക്കളെയാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉപരാഷ്ട്രപതി നിയമനവുമായി ബന്ധപ്പെട്ട് ബിജെപി ഇതര പാർട്ടികളിൽ നിന്ന് ഉയർന്ന പേരുകൾ അഭ്യൂഹങ്ങളായിരുന്നു എന്നാണ് ഇതോടെ വ്യക്തമാകുന്നത്. ജഗ്ദീപ് ധൻകറിന്റെ പെട്ടെന്നുള്ള രാജിയെത്തുടർന്ന് ഉപരാഷ്ട്രപതിയായി ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ശശി തരൂർ എംപി അടക്കമുള്ളവരുടെ പേരുകൾ പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾ തള്ളിക്കളയുകയാണ് പാർട്ടി വൃത്തങ്ങൾ.
Content Highlights- Following Dhankar's resignation, office staff have started being recalled.