
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക വിവാദത്തിൽ തുടർച്ചയായ നാലാംദിവസവും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായി. ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് 42 ലക്ഷം പേരുകൾ ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ഉയർത്തിയായിരുന്നു പാർലമെന്റിൽ ഇന്നും പ്രതിപക്ഷ നീക്കം.
ബിഹാർ വോട്ടർ പട്ടിക വിവാദം കനക്കുമ്പോൾ തിങ്കളാഴ്ച മുതൽ ഓപ്പറേഷൻ സിന്ദൂരിൽ ചർച്ച തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. അമിത്ഷാ ഉൾപ്പടെയുള്ള നേതാക്കളെ ചർച്ചക്കായി ഇറക്കാനും നീക്കം. സഭക്ക് അകത്തും പുറത്തും ബിഹാർ വോട്ടർ പട്ടിക വിവാദത്തിൽ പ്രതിപക്ഷ നീക്കം ശക്തമാക്കുമ്പോൾ ഓപ്പറേഷൻ സിന്ദൂർ ചർച്ചക്കെടുത്ത് ശ്രദ്ധ തിരിക്കാനാണ് സർക്കാർ നീക്കം. ഓപ്പറേഷൻ സിന്ദൂർ ചർച്ചയ്ക്ക് തൊട്ടുപിന്നാലെ ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ഇംപീച്ച്മെൻ്റ് നീക്കവും സർക്കാർ തന്നെ നടത്തിയേക്കും. പ്രതിപക്ഷം ഉയർത്തിയ വിഷയങ്ങൾ മുന്നോട്ടുവെച്ചുതന്നെ പ്രതിപക്ഷത്തെ വരുതിയിലാക്കാനുള്ള തന്ത്രമാണ് സർക്കാർ ആലോചിക്കുന്നത്.
അതിനിടെ മോദിയെ പിടിച്ചുകെട്ടൽ നിസാരമെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വെറും നാടകം മാത്രമാണ് മോദിയെന്നും മോദിയെ വലുതാക്കുന്നത് മാധ്യമങ്ങളാണെന്നും രാഹുൽ പരിഹസിച്ചു. നരേന്ദ്ര മോദിയെ പിടിച്ചുകെട്ടാൻ വലിയ പ്രയാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചു.
തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സഭാസ്തംഭനം ഒഴിവാക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് സ്പീക്കർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ചർച്ചക്ക് പ്രധാനമന്ത്രിയുടെ മറുപടിയുണ്ടാകുമെന്ന സൂചനയും സർക്കാർ നൽകി. രാജ്യസഭാംഗമായി നടൻ കമൽ ഹാസൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മക്കൾ നീതി മയ്യം പാർടി സ്ഥാപകനായ കമൽ ഹാസൻ ഡിഎംകെ പിന്തുണയോടെയാണ് രാജ്യസഭയിൽ എത്തുന്നത്. തമിഴിലായിരുന്നു സത്യപ്രതിജ്ഞ.
Content Highlights: Both houses of Parliament remain turbulent for the fourth day