
ബെംഗളൂരു: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആനുശോചനം രേഖപ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നീതിയുടെ ഉറച്ച ശബ്ദമായിരുന്നു വി എസ് അച്യുതാനന്ദന്‍ എന്ന് സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കാലത്തും പൊതുജീവിതത്തിലും ഭരണത്തിലും തന്റെ ആശയങ്ങളോട് സത്യസന്ധത പുലര്‍ത്തിയ ആളായിരുന്നു വിഎസെന്നും സിദ്ധരാമയ്യ പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ശ്രീ വി എസ് അച്യുതാനന്ദന്‍ (1923-2025) തന്റെ നീണ്ട പൊതുജീവിതത്തില്‍ ഉടനീളം നീതിക്കും പൊതുനന്മയ്ക്കും വേണ്ടി ഉറച്ച ശബ്ദമുയർത്തിയ നേതാവായിരുന്നു. താഴെത്തട്ടിലെ പോരാട്ടങ്ങളിലും മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നപ്പോഴും തന്റെ ആശയങ്ങളോട് സത്യസന്ധത പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയൊരു നഷ്ടമാണ്. വി എസിന്റെ കുടുംബത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും അനുശോചനം. നല്ല ജീവിതം നയിച്ച നേതാവിന് സല്യൂട്ട്'- സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് വി എസ് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകൾ നാളെ ആലപ്പുഴയിൽ നടക്കും. ആലപ്പുഴ ജില്ലയിൽ സർക്കാർ നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവുമായി ആലപ്പുഴയിലേക്ക് വിലാപ യാത്ര നടന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച യാത്ര ഇതുവരെ കൊല്ലം ജില്ലയിൽ എത്തിയിട്ടില്ല. തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കിയാണ് തങ്ങളുടെ പ്രിയ സഖാവിനെ യാത്രയാക്കാന്‍ ജനസാഗരം വഴിയരികുകളിൽ കാത്തുനിൽക്കുന്നത്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വിലാപയാത്രയായി വിഎസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും.
Content Highlights: He was a firm voice of justice: Siddaramaiah about VS Achuthanandan