
ജയ്പൂര്‍: ജഗ്ദീപ് ധന്‍കര്‍ സമ്മര്‍ദത്തിന് വഴങ്ങിയല്ല രാജിവെച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനും അഭിഭാഷകനുമായ പ്രവീണ്‍ ബല്‍വാഡ. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ധന്‍കറിന്റെ അപ്രതീക്ഷിത രാജിയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് ബല്‍വാഡയുടെ പ്രതികരണം. 'അദ്ദേഹത്തിന്റെ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദം പോലുളള കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് യാതൊരു സമ്മര്‍ദവുമുണ്ടായിട്ടില്ല. കോളേജ് കാലം മുതല്‍ അദ്ദേഹത്തെ എനിക്കറിയാം. സമ്മര്‍ദത്തിന്റെ പുറത്ത് തീരുമാനമെടുക്കുന്നയാളല്ല ജഗ്ദീപ് ധന്‍കര്‍'- പ്രവീണ്‍ ബല്‍വാഡ പറഞ്ഞു.
ജഗ്ദീപ് ധന്‍കറിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം അത് കാര്യമാക്കിയിരുന്നില്ലെന്നും പ്രവീണ്‍ ബല്‍വാഡ വ്യക്തമാക്കി. 'അദ്ദേഹം മാര്‍ച്ചില്‍ സ്റ്റെന്‍ഡ് ഇംപ്ലാന്റിന് വിധേയനായിരുന്നു. ബ്ലഡ് പ്രഷര്‍ നിരന്തരം കുറയുന്ന അവസ്ഥയുമുണ്ടായിരുന്നു. ഇടയ്ക്കിടെ കുഴഞ്ഞുവീഴുമായിരുന്നു. ആരോഗ്യത്തിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്? ജഗ്ദീപ് ധന്‍കര്‍ ജോലിയോട് ആത്മാര്‍ത്ഥയതുളള കഠിനാധ്വാനിയായ ഒരാളാണ്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് തോന്നിയതാവാം രാജിക്കുകാരണം'- ബല്‍വാഡ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രിയാണ് ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചത്. അപ്രതീക്ഷിമായായിരുന്നു രാജി പ്രഖ്യാപനം. 'ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരം ഞാൻ രാജിവെക്കുന്നു. ഇതുവരെ നൽകിയ പിന്തുണയ്ക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെന്റംഗങ്ങൾക്കും നന്ദി പറയുന്നു. ആരോഗ്യം അനുവദിക്കാത്തതിനാൽ മാറിനിൽക്കുന്നു', രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനയച്ച രാജി കത്തിൽ ധൻകർ പറഞ്ഞു.
എന്നാല്‍ ധന്‍കറിന്റെ രാജിക്കു പിന്നിലെ കാരണം ചോദിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇന്നലെ രാജ്യസഭ നിയന്ത്രിച്ചതും പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതും ധന്‍കറായിരുന്നു. വൈകുന്നേരം അഞ്ചുമണിവരെ താന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നെന്നും പുറത്തുവരുന്ന വിവരങ്ങള്‍ക്കുമപ്പുറം രാജിക്കു പിന്നില്‍ കാരണങ്ങളുണ്ടെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞത്.
ജസ്റ്റിസ് യശ്വന്ത് വര്‍മയെ കുറ്റവിചാരണ ചെയ്യാനുളള പ്രമേയ നോട്ടീസ് രാജ്യസഭയില്‍ സ്വീകരിച്ചതിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായുണ്ടായ തര്‍ക്കമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നാണ് നോട്ടീസ് ലഭിച്ചതെന്നും 63 അംഗങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്, അതേ വിഷയത്തില്‍ പ്രമേയ നോട്ടീസ് ലോക്‌സഭയിലും ലഭിച്ചിട്ടുണ്ടെങ്കില്‍ രണ്ട് സഭാധ്യക്ഷന്മാരും ചേര്‍ന്നാണ് തുടര്‍നടപടി സ്വീകരിക്കുകയെന്നും ജഗ്ദീപ് ധന്‍കര്‍ ഇന്നലെ സഭയില്‍ പറഞ്ഞിരുന്നു. രാത്രി ഒന്‍പതു മണിയോടെ രാജിപ്രഖ്യാപനം പുറത്തുവന്നു.
Content Highlights: Jagdeep Dhankar never yielded to pressure, resignation driven by health issue says his brother in law