ലോക്സഭാ തെരഞ്ഞെടുപ്പിൽ 'ഞങ്ങൾ', നിയമസഭാ ഇലക്ഷനിൽ 'ഞാൻ': മഹാവികാസ് അഘാഡിയുടെ പരാജയത്തിൽ ഉദ്ധവ് താക്കറെ

പാർട്ടി മുഖപത്രമായ സാമ്നയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മഹാ വികാസ് അഘാഡിയുടെ പരാജയ കാരണങ്ങൾ സംബന്ധിച്ച് ഉദ്ധവ് താക്കറെ പ്രതികരിച്ചത്

dot image

മുംബൈ: പാർട്ടികൾക്കിടയിലെ ആഭ്യന്തര കലഹവും പരസ്പരം നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളുമാണ് 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ ദയനീയ പരാജയത്തിന് കാരണമെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ. പാർട്ടി മുഖപത്രമായ സാമ്നയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മഹാ വികാസ് അഘാഡിയുടെ പരാജയ കാരണങ്ങൾ സംബന്ധിച്ച് ഉദ്ധവ് താക്കറെ പ്രതികരിച്ചത്. സാമ്നയുടെ എക്സിക്യൂട്ടീവ് എഡിറ്ററും പാർട്ടി എംപിയുമായ സഞ്ജയ് റാവത്തുമായുള്ള അഭിമുഖത്തിന്റെ ആദ്യ ഭാഗത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയങ്ങളും തെറ്റുകളും ഉത്തരവാദിത്തത്തോടെ സ്വീകരിക്കണമെന്ന് താക്കറെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം മഹാ വികാസ് അഘാഡിയുടെ തലയ്ക്ക് പിടിച്ചെന്ന് ചൂണ്ടിക്കാണിച്ച ഉദ്ധവ് താക്കറെ സഖ്യത്തേക്കാൾ ശിവസേന (യുബിടി), കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്ചന്ദ്ര പവാർ) എന്നീ പാർട്ടികൾ സ്വന്തം വിജയത്തിനായി പോരാടിച്ചെന്നും കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി അടച്ചിട്ട മുറിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ സാമ്നയിലെ അഭിമുഖം എന്നതാണ് ശ്രദ്ധേയം.

'ഇവിഎം അഴിമതി', 'വ്യാജ വോട്ടർമാർ', 'ലഡ്കി ബഹിൻ ക്ഷേമ പദ്ധതി' എന്നിവ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്തിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് എംവിഎ പാർട്ടികൾക്കിടയിൽ കണ്ട സൗഹൃദം നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിയിൽ കാണാനായില്ല. ഓരോ പാർട്ടിയും സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ നേടാൻ ആഗ്രഹിച്ചുവെന്നും ഉദ്ധവ് താക്കറെ ചൂണ്ടിക്കാണിച്ചു. 'ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾക്കായി ഞങ്ങൾക്കിടയിൽ തർക്കമുണ്ടായിരുന്നു. എന്നാൽ 'ഞങ്ങൾ' (സഖ്യം) തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആഗ്രഹിച്ചതിനാൽ നാലോ അഞ്ചോ തവണ വിജയിച്ച മണ്ഡലങ്ങൾ ഞങ്ങൾ ഉപേക്ഷിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾക്കായുള്ള പോരാട്ടം അവസാന ദിവസം വരെ തുടർന്നു. ഇത് വോട്ടർമാർക്ക് തെറ്റായ സന്ദേശം നൽകി' എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം. ഈ തെറ്റുകൾ ആവർത്തിച്ചാൽ 'ഒന്നിച്ചുചേരുന്നതിൽ അർത്ഥമില്ല' എന്നും താക്കറെ കൂട്ടിച്ചേർത്തു.

'ഏകോപനക്കുറവിനേക്കാൾ, ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം എല്ലാവരുടെയും തലയ്ക്ക് പിടിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ, 'നമ്മൾ ജയിക്കാൻ ആഗ്രഹിക്കുന്നു' എന്ന ഒരു ഐക്യബോധം ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ, അത് 'ഞാൻ' ജയിക്കണമെന്ന ആഗ്രഹവും സ്വാർത്ഥതയുമായി മാറി. അതുകൊണ്ടാണ് ഞങ്ങൾ തോറ്റത്' എന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ എംവിഎ പാർട്ടികൾക്കിടയിൽ ഏകോപനക്കുറവുണ്ടായിരുന്നോ ചോദ്യത്തോടുള്ള താക്കറെയുടെ മറുപടി.

Uddhav Thackeray gave an interview to party mouthpiece 'Saamana' editor Sanjay Raut. Its video has also been uploaded on Saamana's YouTube channel
സാമ്നയുടെ എക്സിക്യൂട്ടീവ് എഡിറ്ററും പാർട്ടി എംപിയുമായ സഞ്ജയ് റാവത്തുമായുള്ള ഉദ്ധവ് താക്കറെയുടെ അഭിമുഖം

കോവിഡ് -19 സമയത്തെ ഇടപെടൽ അടക്കം രണ്ടര വർഷത്തെ ഭരണകാലത്തെ വിജയങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നനിൽ തന്റെ എംവിഎ സർക്കാർ പരാജയപ്പെട്ടുവെന്നും താക്കറെ പറഞ്ഞു. 'മഹായുതി സർക്കാരിന്റെ 'ലഡ്കി ബഹിൻ പദ്ധതി'യും അതിൻ്റെ പേരിൽ പ്രതിമാസ അലവൻസിൽ വർദ്ധനവ് നടത്തിയതും അടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ നിലവിലുണ്ടായിരുന്നു. അതിനാൽ മാഹാവികാസ് അഘാഡി സ‍ർക്കാരിൻ്റെ പ്രകടനം ജനങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. വായ്പ എഴുതിത്തള്ളൽ, ശിവ് ഭോജൻ താലി, മിനിമം താങ്ങുവില, ക്രമസമാധാനപാലനം എന്നിവയിലെ ഞങ്ങളുടെ പ്രകടനം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു' എന്നും താക്കറെ അഭിപ്രായപ്പെട്ടു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെയും ഉദ്ധവ് താക്കറെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഡൽഹിയിലെ സ്വേച്ഛാധിപത്യ ഭരണം കാരണം രാജ്യം 'ഒരു പാർട്ടി, തിരഞ്ഞെടുപ്പ് ഇല്ല' എന്ന സംവിധാനത്തിലേക്ക് നീങ്ങുകയാണെന്ന് താക്കറെ പരിഹസിച്ചു. രാജ്യത്തെയും സംസ്ഥാനങ്ങളെയും ഭരിക്കുന്നതിനായി ബിജെപി ഇന്ത്യക്കാരെ ജാതി, വംശം, മതം എന്നിങ്ങനെ വിഭജിച്ചിരിക്കുകയാണെന്നും താക്കറെ ആരോപിച്ചു. വിഭജിച്ച് ഭരിക്കുന്ന ബ്രിട്ടീഷുകാരുടെ പാതയിലാണ് അവർ സഞ്ചരിക്കുന്നത്. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ വിഷം ഉപയോഗിച്ചുവെന്നും ഉദ്ധവ് താക്കറെ ചൂണ്ടിക്കാണിച്ചു.

Which alliance governed Maharashtra better: Maha Vikas Aghadi or Mahayuti

മോദി ഭരണകൂടം രാജ്യത്തെ ഒരു സ്വേച്ഛാധിപത്യത്തിലേക്ക്- 'ഒരു പാർട്ടി, തിരഞ്ഞെടുപ്പ് ഇല്ല-' എന്ന സംവിധാനത്തിലേക്ക് നയിക്കുകയാണെന്നും താക്കറെ ആരോപിച്ചു. 'ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് അവർ ആദ്യം ഒരു പതാക, ഒരു ഭരണഘടന, ഒരു നേതാവ് (ഏക് നിഷാൻ, ഏക് വിധാൻ, ഏക് പ്രധാൻ) എന്ന മുദ്രാവാക്യം സൃഷ്ടിച്ചു. ഞങ്ങൾക്ക് അത് ഇഷ്ടപ്പെട്ടു, അതിനെ പിന്തുണച്ചു. ഇപ്പോൾ, അവർ പറയുന്നു 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന്. അതിനുശേഷം 'ഒരു രാഷ്ട്രം, ഒരു ഭാഷ'. ആത്യന്തികമായി അവർ നമ്മളെ 'ഒരു പാർട്ടി, തിരഞ്ഞെടുപ്പ് ഇല്ല' എന്നതിലേക്ക് കൊണ്ടുപോകും' എന്നും താക്കറെ കുറ്റപ്പെടുത്തി.

എന്നാൽ താക്കറെയും സഞ്ജയ് റാവത്തും തമ്മിലുള്ള അഭിമുഖത്തിനെതിരെ ബിജെപി രം​ഗത്ത് വന്നിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഒത്തുകളിയാണ് അഭിമുഖമെന്നാണ് ബിജെപി നേതാവും മുൻ മന്ത്രിയുമായ സുധീർ മുൻഗന്തിവാർ വിശേഷിപ്പിച്ചത്. താക്കറെയ്ക്ക് സ്വയം പ്രശംസിക്കാൻ അവസരം ലഭിക്കുന്ന തരത്തിൽ ചോദ്യോത്തരങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. താക്കറെ എന്ന ബ്രാൻഡ് ഇനി മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് സ്വീകാര്യമല്ല. സ്വന്തം പരാജയം മറയ്ക്കാൻ അദ്ദേഹം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വച്ചിരിക്കുകയാണ്. താക്കറെ സഖ്യ ധർമ്മം പിന്തുടർന്ന് ബിജെപിയുടെ ഉന്നത നേതൃത്വത്തോട് മുഖ്യമന്ത്രി സ്ഥാനത്തിനായി അപേക്ഷിച്ചിരുന്നെങ്കിൽ അദ്ദേഹം സഖ്യത്തിന്റെ മുഖ്യമന്ത്രിയാകുമായിരുന്നു എന്നും ബിജെപി നേതാവ് ചൂണ്ടിക്കാണിച്ചു.

Content Highlights: Uddhav Thackeray admits MVA was divided during Maharashtra assembly polls

dot image
To advertise here,contact us
dot image