
നടി സംഗീത ബിജ്‌ലാനിയുടെ പുണെ മാവലിലുള്ള ഫാം ഹൗസില്‍ മോഷണം. ടിവി സെറ്റും വീട്ടുപകരണങ്ങളും സിസിടിവികളും നശിപ്പിച്ചതായി നടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വെള്ളിയാഴ്ചയാണ് സംഭവം. നാലുമാസത്തിന് ശേഷം പവ്ന ഡാമിനടുത്തുള്ള ടിക്കോണ ഗ്രാമത്തിലെ ഫാം ഹൗസില്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് നടി പൊലീസിനെ അറിയിച്ചു.
അച്ഛന്റെ അനാരോഗ്യം കാരണം ഏറെക്കാലമായി ഫാം ഹൗസ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വെള്ളിയാഴ്ച സഹായികള്‍ക്കൊപ്പം മാവലിലെ ഫാം ഹൗസില്‍ എത്തുകയായിരുന്നു. ഇവിടെ എത്തിയപ്പോള്‍ പ്രധാന വാതിലും ജനല്‍ ഗ്രില്ലുകളും തകര്‍ന്ന നിലയില്‍ കണ്ടതായി പുണെ റൂറല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
'രണ്ട് വീട്ടുജോലിക്കാരികള്‍ക്കൊപ്പം ഫാം ഹൗസില്‍പോയിരുന്നു. അവിടെയെത്തിയപ്പോള്‍ പ്രധാനവാതില്‍ തകര്‍ത്തിരിക്കുന്നത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. അകത്ത് കടന്നപ്പോള്‍ ജനല്‍ കമ്പികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഒരു ടെലിവിഷന്‍ കാണാതാവുകയും മറ്റൊന്ന് തകര്‍ന്ന നിലയിലുമായിരുന്നു', സംഗീത പറഞ്ഞു. മുകളിലത്തെ നില പൂര്‍ണ്ണമായും അലങ്കോലമാക്കിയിരുന്നു. എല്ലാ കട്ടിലുകളും തകര്‍ത്തു. കൂടാതെ നിരവധി വീട്ടുപകരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കാണാതാവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Content Highlights: Theft at actress Sangeeta Bijlani's farmhouse