തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സഹോദരനും കരുണാനിധിയുടെ മൂത്തമകനുമായ എം കെ മുത്തു അന്തരിച്ചു

കരുണാനിധിയുടെ ആദ്യഭാര്യയായ പദ്മാവതിയിലുണ്ടായ മകനാണ് എം കെ മുത്തു

dot image

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സഹോദരനും മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകനുമായ എം കെ മുത്തു അന്തരിച്ചു. 77 വയസായിരുന്നു. ശനിയാഴ്ച രാവിലെ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കരുണാനിധിയുടെ ആദ്യഭാര്യയായ പദ്മാവതിയിലുണ്ടായ മകനാണ് എം കെ മുത്തു.

മുത്തു ജനിച്ചതിനു പിന്നാലെ ക്ഷയരോഗം ബാധിച്ച് അമ്മ പദ്‌മാവതി മരണപ്പെട്ടിരുന്നു. അതിന് ശേഷം കരുണാനിധി രണ്ടാമത് വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ. പദ്‌മാവതിയുടെ അമ്മയുടെ അച്ഛനും സഹോദരനും സംഗീതജ്ഞരായിരുന്നു. സംഗീതം അഭ്യസിച്ച മുത്തു താൻ അഭിനയിച്ച സിനിമകളിൽ പാട്ടുകള്‍ പാടിയിട്ടുണ്ട്. 1970-ല്‍ പുറത്തിറങ്ങിയ പിള്ളയോ പിള്ളൈ ആണ് മുത്തുവിന്റെ ആദ്യ ചിത്രം.

മുത്തു തന്റെ രാഷ്ട്രീയ പിൻ​ഗാമി ആകണമെന്നായിരുന്നു കരുണാനിധിയുടെ ആഗ്രഹിച്ചിരുന്നത്. 1970കളിൽ അഭിനയ ജീവിതം മുത്തു ആരംഭിച്ചിരുന്നുവെങ്കിലും സിനിമകളൊന്നും വിജയിച്ചിരുന്നില്ല. പിന്നീട് അഭിനയ ജീവിതം മുത്തു ഉപേക്ഷിച്ചിരുന്നു. കരുണാനിധിയുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നതിനാൽ എൺപതുകളോടെ ഇരുവരും അകന്നാണ് ജീവിച്ചത്. പിന്നാലെ ഡിഎംകെ വിട്ട് ജയലളിതയ്ക്കൊപ്പം എഐഎഡിഎംകെയിൽ ചേർന്നു. രാഷ്ട്രീയത്തിലും ശോഭിക്കാൻ മുത്തുവിന് കഴിഞ്ഞിരുന്നില്ല. 2009-ൽ അസുഖ ബാധിതനായി മുത്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ആശുപത്രിയിലെത്തി കരുണാനിധി മുത്തുവിനെ സന്ദര്‍ശിച്ചിരുന്നു. ഇതോടെയാണ് അച്ഛനും മകനും തമ്മിലുണ്ടായിരുന്ന പിണക്കങ്ങൾ പരിഹരിക്കപ്പെടുന്നത്.

എം കെ മുത്തുവിന്റെ മരണത്തിൽ എം കെ സ്റ്റാലിൻ അനുസ്മരണം രേഖപ്പെടുത്തിയിരുന്നു. തന്റെ ഔദ്യോ​ഗിക എക്സ് പോസ്റ്റിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം. തന്റെ പിതാവിനെ പോലെ തന്നെയാണ് സഹോദരനെ കണ്ടിരുന്നതെന്ന് സ്റ്റാലിൻ കുറിച്ചു. അദ്ദേഹം ഞങ്ങളുടെ ഓർമകളിലും ജനങ്ങളുടെ ഹൃദയത്തിലും ജീവിക്കുമെന്ന് സ്റ്റാലിൻ കുറിച്ചു.

Content Highlights: M K Muthu, brother of Tamil Nadu Chief Minister M K Stalin and eldest son of Karunanidhi, passed away

dot image
To advertise here,contact us
dot image