
ന്യൂഡൽഹി: മുൻ ലിവ്-ഇൻ പങ്കാളിയെയും അവരുടെ സുഹൃത്തിന്റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിൽ 23-കാരൻ അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിനിയായ സോനൽ ആര്യ(22)യാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കാമുകനായിരുന്ന നിഖിൽ കുമാർ (23) ആണ് പിടിയിലായത്. കഴുത്തറുത്താണ് ആര്യയെ കൊലപ്പെടുത്തിയത്. ഡൽഹിയിലെ മജ്‌നു കാടിലയിലാണ് ക്രൂരമായ സംഭവം നടന്നത്. ആര്യയുടെ സുഹൃത്തായ രാഷ്മികയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും നിഖിൽ കൊലപ്പെടുത്തി. തന്റെ കാമുകിയുടെ സുഹൃത്തിന്റെ ഭർത്താവിനോടുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി സുഹൃത്തായ രാഷ്മിയ്ക്കും ദുർഗേഷിനുമൊപ്പമാണ് കൊല്ലപ്പെട്ട ആര്യ താമസിച്ചിരുന്നത്. ആര്യ ഗർഭിണിയായിരുന്നെന്നും, കൂട്ടുകാരിയുടെ ഭർത്താവായ ദുർഗേഷിന്റെ സഹായത്തോടെ ഗർഛിദ്രം നടത്തിയതെന്നും നിഖിൽ പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അവരുടെ ആറ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും നിഖിൽ വെളിപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ നിഖിലിനെ ഉത്തരാഖണ്ഡിലെ ഹൽഡ്‌വാനിയിൽനിന്നുമാണ് പൊലീസ് പിടികൂടിയത്.
നിഖിൽ ഒരു ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു."അടുത്തിടെ അവർ ഗർഭിണിയാവുകയും ഗർഭഛിദ്രം നടത്താൻ തീരുമാനിക്കുകയും ചെയ്തു. ദുർഗേഷിന്റെ സഹായത്തോടെയാണ് ഗർഭഛിദ്രം നടത്തിയതെന്ന് നിഖിൽ വിശ്വസിച്ചു. അതിനാൽ, ചൊവ്വാഴ്ച ദുർഗേഷിന്റെ മൊബൈൽ റിപ്പയർ ഷോപ്പിൽ നിന്ന് ഒരു സർജിക്കൽ ബ്ലേഡ് വാങ്ങി ഇരുവരെയും കൊലപ്പെടുത്തി. ദുർഗേഷിന്റെ സഹായത്തോടെ ആര്യ അവരുടെ കുട്ടിയെ ഗർഭഛിദ്രം ചെയ്തുവെന്ന് വിശ്വസിച്ചതിനാലാണ് അയാൾ ദുർഗേഷിന്റെ മകളെ കൊലപ്പെടുത്തിയത്," ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജ ബന്തിയ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ ആര്യയും നിഖിലും 2023 ൽ ഹൽദ്വാനിയിൽ വെച്ചാണ് കണ്ടുമുട്ടിയതതെന്ന് തെളിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. "2024 ൽ അവർ ഗർഭിണിയാകുകയും ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തുവെന്നും കുട്ടിയെ ഉത്തരാഖണ്ഡിൽ വിറ്റുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം അവർ വസീറാബാദിൽ ഒരുമിച്ച് താമസിക്കാൻ തുടങ്ങി," ഡിസിപി പറഞ്ഞു.
നിഖിൽ ആര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും ഇത് സഹിക്കാനാകാതെയാണ് ഈ വർഷം ജനുവരിയിൽ കൂട്ടുകാരിയുടെ വീട്ടിലേക്ക് മാറിയതെന്നുമാണ് വിവരം. ജൂൺ 24ന് നിഖിലിനെതിരെ ആര്യ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights: man arrested in the death case of ex-GF and her friend's 6-month-old child in Delhi