'ധാര്‍മ്മികമൂല്യങ്ങള്‍ അവഗണിച്ചു';തേജ് പ്രതാപ് യാദവിനെ കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കി

ഇനിമുതല്‍ തേജ് പ്രതാപ് യാദവിന് ഞങ്ങളുടെ കുടുംബത്തിലും പാര്‍ട്ടിയിലും ഒരു സ്ഥാനവും ഉണ്ടായിരിക്കുന്നതല്ല.'- ലാലു പ്രസാദ് യാദവ് പറഞ്ഞു

dot image

പട്‌ന: ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവിനെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കി പിതാവും പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്. ജീവിതത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലാലു പ്രസാദ് യാദവിന്റെ നടപടി. ധാര്‍മ്മിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹ്യനീതിക്കായുളള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.


'മൂത്ത മകന്റെ പ്രവര്‍ത്തനങ്ങളും പൊതു ഇടങ്ങളിലെ നിരുത്തരവാദപരമായ പെരുമാറ്റവും ഞങ്ങളുടെ കുടുംബത്തിന്റെ മൂല്യങ്ങളുമായി ഒത്തുപോകുന്നവയല്ല. അദ്ദേഹത്തെ ഞാന്‍ പാര്‍ട്ടിയില്‍ നിന്നും ഞങ്ങളുടെ കുടുംബത്തില്‍ നിന്നും പുറത്താക്കുകയാണ്. ഇനിമുതല്‍ തേജ് പ്രതാപ് യാദവിന് ഞങ്ങളുടെ കുടുംബത്തിലും പാര്‍ട്ടിയിലും ഒരു സ്ഥാനവും ഉണ്ടായിരിക്കുന്നതല്ല.'- ലാലു പ്രസാദ് യാദവ് പറഞ്ഞു. തേജ് പ്രതാപിന് വ്യക്തിപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുളള സ്വാതന്ത്ര്യമുണ്ടെന്നും താന്‍ പൊതുജീവിതത്തില്‍ എപ്പോഴും മാന്യത പുലര്‍ത്തിയിട്ടുളള ആളാണ്. കുടുംബത്തിലെ അനുസരണയുളള അംഗങ്ങള്‍ അത് പിന്തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം തേജ് പ്രതാപ് യാദവ് തന്റെ ദീര്‍ഘകാല കാമുകിയുമൊത്തുളള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. തേജ് പ്രതാപും അനുഷ്‌ക യാദവ് എന്ന യുവതിയും 12 വര്‍ഷമായി പ്രണയത്തിലാണ് എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്. 'ഞാന്‍ തേജ് പ്രതാപ് യാദവ്. എനിക്കൊപ്പമുളളത് അനുഷ്‌ക യാദവ്. കഴിഞ്ഞ 12 വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്. വളരെ കാലമായി ഇത് നിങ്ങളോട് പങ്കുവയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. എങ്ങനെ പറയണമെന്ന് എനിക്കറിയില്ലായിരുന്നു. അതിനാല്‍ ഇന്ന് ഈ പോസ്റ്റിലൂടെ എന്റെ ഹൃദയത്തിലുളളതെല്ലാം ഞാന്‍ നിങ്ങളെ അറിയിക്കുന്നു. നിങ്ങള്‍ക്ക് എല്ലാം മനസിലാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'-എന്നായിരുന്നു തേജ് പ്രതാപ് യാദവ് പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്.

ചിത്രം വ്യാപകമായി പ്രചരിച്ചതോടെ തന്റെ സോഷ്യല്‍മീഡിയാ പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനായി എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതാണെന്നും വ്യക്തമാക്കി തേജ് പ്രതാപ് യാദവ് രംഗത്തെത്തി. അഭ്യുദയാകാംഷികളും അനുയായികളും ജാഗ്രത പാലിക്കണമെന്നും കിംവദന്തികള്‍ക്ക് ചെവികൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകള്‍ ഐശ്യര്യയെയാണ് തേജ് പ്രതാപ് യാദവ് നേരത്തെ വിവാഹം കഴിച്ചിരുന്നത്. വിവാഹിതരായി മാസങ്ങള്‍ക്കുളളില്‍ ഇവര്‍ ബന്ധം പിരിഞ്ഞു. ഭര്‍ത്താവും കുടുംബവും തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് ഐശ്യര്യ ആരോപിച്ചിരുന്നു. ഇതോടെ മുന്‍ മന്ത്രി കൂടിയായ ഐശ്യര്യയുടെ പിതാവ് ചന്ദ്രിക റോയ് ആര്‍ജെഡി വിട്ടു. ഇരുവരുടെയും വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണ്.

Content Highlights: lalu prasad yadav expel son tej pratap yadav from family and party for ignoring moral values

dot image
To advertise here,contact us
dot image