
ഡല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിക്കാന്‍ വ്യാജരേഖ നിര്‍മ്മിച്ചത് ഉള്‍പ്പെടെയുളള ആരോപണങ്ങള്‍ നേരിട്ട മുന്‍ ഐഎഎസ് ട്രെയിനി പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഡല്‍ഹി പൊലീസിന്റെ എതിര്‍പ്പ് മറികടന്നാണ് സുപ്രീംകോടതി പൂജയ്ക്ക് ജാമ്യം അനുവദിച്ചത്. അവര്‍ മയക്കുമരുന്ന് സംഘത്തിന്റെ തലവനോ ഭീകരവാദിയോ കൊലപാതകിയോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. പൂജ എന്ത് ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്ന് കോടതി ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു.
അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണമെന്ന് സുപ്രീംകോടതി പൂജയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൂജാ ഖേദ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ ഡല്‍ഹി പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു. പൂജയ്‌ക്കെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണമാണെന്നും അവര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അവര്‍ മയക്കുമരുന്ന് സംഘത്തിന്റെ തലവനോ ഭീകരവാദിയോ അല്ല. അവര്‍ കൊലപാതകവും ചെയ്തിട്ടില്ല. എന്‍ഡിപിഎസ് നിയമപ്രകാരമുളള കുറ്റകൃത്യവും ചെയ്തിട്ടില്ല. അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനി ഒരിടത്തും ജോലി കിട്ടില്ല എന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. പൂജയ്ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിക്കേണ്ടതായിരുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.
2022-ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വ്യാജ വിവരങ്ങള്‍ അപ്ലിക്കേഷന്‍ ഫോമില്‍ ചേര്‍ത്ത് സംവരണാനുകൂല്യം നേടാന്‍ പൂജ ശ്രമിച്ചുവെന്ന് യുപിഎസ്‌സി കണ്ടെത്തിയതോടെയാണ് നടപടികള്‍ ആരംഭിച്ചത്. ശാരീരിക വൈകല്യം സംബന്ധിച്ച് പൂജ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റും ഒബിസി വിഭാഗക്കാരിയാണെന്ന സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്നാണ് യുപിഎസ്‌സി കണ്ടെത്തിയത്. തുടര്‍ന്ന് 2024 ജൂലൈയില്‍ യുപിഎസ് സി പൂജയെ പുറത്താക്കുകയും ഭാവിയില്‍ നടത്തുന്ന പരീക്ഷകളില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 841-ാം റാങ്ക് നേടിയാണ് പൂജ ഖേദ്കര്‍ സര്‍വ്വീസിലെത്തിയത്. പൂനെയില്‍ സബ് കളക്ടറായി നിയമിച്ചതിനു പിന്നാലെ സ്വന്തമായി ഔദ്യോഗിക കാറും പ്രത്യേക ഓഫീസും വേണമെന്ന പൂജ ഖേദ്കറിന്റെ ആവശ്യം വിവാദമായതോടെയാണ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ പൂജ നിയമനം ലഭിക്കുന്നതിനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഒബിസി സര്‍ട്ടിഫിക്കറ്റും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുമാണ് സമര്‍പ്പിച്ചതെന്ന് കണ്ടെത്തി. വ്യക്തിഗത വിവരങ്ങളടക്കം വ്യാജമായി നല്‍കിയാണ് പൂജ പലതവണ പരീക്ഷ എഴുതിയെന്നും കണ്ടെത്തിയിരുന്നു.
Content Highlights: Supreme court allows anticipatory bail to ex ias trainee Puja Khedkar