
ബെംഗളൂരു: ബെംഗളൂരുവില്‍ അമിത ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 24കാരനായ ടെക്കി ജീവനൊടുക്കി. മഹാരാഷ്ട്ര സ്വദേശിയായ നിഖില്‍ സോംവശി ആണ് എച്ച്എസ്ആര്‍ ലേ ഔട്ടിലെ അഗര തടാകത്തില്‍ ചാടി ജീവനൊടുക്കിയത്. ഓലയുടെ എഐ വിംഗിന്‌റെ ക്രിട്ടിക്കല്‍ മെഷീന്‍ ലേണിംഗ് എഞ്ചിനീയര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു നിഖില്‍.
ജീവനൊടുക്കുന്നതിന് മുന്‍പ് താന്‍ അപകടത്തില്‍ മരിച്ചതാണെന്ന് വീട്ടുകാരോട് പറയണമെന്ന് സുഹൃത്തുക്കള്‍ക്ക് നിഖില്‍ ഓഡിയോ സന്ദേശം അയച്ചിരുന്നു. സന്ദേശം ലഭിച്ചുടന്‍ തന്നെ സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും നിഖിലിനായി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെ നിഖിലിന്‌റെ മൃതദേഹം തടാകത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. കടുത്ത ജോലി സമ്മര്‍ദമാണ് നിഖിലിന് നേരിടേണ്ടി വന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
രണ്ട് പേര്‍ രാജിവെച്ച് പോയതിന് പിന്നാലെ മൂന്നുപേരുടെ പണി നിഖില്‍ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. നിഖിലിന്‌റെ യുഎസ്സിലെ മാനേജര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അമേരിക്കയിലുള്ള രാജ് കിരണ്‍ എന്ന ടീം ലീഡിനെതിരെ റെഡ്ഡിറ്റില്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. രാജ് കിരണ്‍ സഹപ്രവര്‍ത്തകരെ മാനസികമായി തളര്‍ത്തുന്നു എന്നും, അസഭ്യം പറയുന്നുവെന്നാണ് ഗുരുതര ആരോപണം. നിഖിലിന്‌റെ മരണത്തെ കുറിച്ച് പുറത്ത് സംസാരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. അതേ സമയം നിഖിലിന്‌റെ മരണത്തെ കുറിച്ച് അറിയില്ലെന്നാണ് ഓലയുടെ മറുപടി. നിഖിലിന്‌റെ മരണത്തില്‍ നിരവധി ഐടി ജീവനക്കാരും യൂണിയനുകളും പ്രതിഷേധം പ്രകടിപ്പിച്ചു.
content highlights: 24-year-old Krutrim techie found dead in Bengaluru, colleague flags 'extreme work pressure' in Reddit post