
മുംബൈ: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത രാഖി എത്തിക്കാത്തതിന് ആമസോണിന് പിഴ ചുമത്തി മുംബൈ ഉപഭോക്തൃ കോടതി. നൂറു രൂപയുടെ രാഖിക്ക് നാല്‍പ്പതിനായിരം രൂപയാണ് ആമസോണ്‍ പിഴയൊടുക്കേണ്ടത്. മുംബൈ സ്വദേശിയായ ശീതള്‍ കനകിയ എന്ന യുവതിയുടെ പരാതിയിലാണ് സബര്‍ബനിലെ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ നടപടി. 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമാണ് ആമസോണിനും ആമസോണ്‍ സെല്ലര്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ യുവതി പരാതി നല്‍കിയത്.
2019 ഓഗസ്റ്റ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശീതല്‍ ആമസോണ്‍ വഴി നൂറുരൂപ വിലയുളള ഒരു രാഖി ഓര്‍ഡര്‍ ചെയ്തു. രാഖി ഓഗസ്റ്റ് 8 -നും 13-നും ഇടയില്‍ ഡെലിവറി ചെയ്യുമെന്നായിരുന്നു ആപ്പില്‍ കാണിച്ചിരുന്നത്. രാഖി പറഞ്ഞ ദിവസം കഴിഞ്ഞിട്ടും എത്താതായതോടെ നിരന്തരം ശീതള്‍ ആമസോണുമായി ബന്ധപ്പെട്ടു. എന്നാല്‍ ഫലമൊന്നും ഉണ്ടായില്ല. 2019 ഓഗസ്റ്റ് 14-ന് പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 100 രൂപ തിരികെ നിക്ഷേപിക്കപ്പെടുകയും ചെയ്തു.
തുടര്‍ന്ന് യുവതി നടത്തിയ അന്വേഷണത്തില്‍ പൂനം കൊറിയര്‍ എന്ന കൊറിയര്‍ സര്‍വ്വീസ് അടച്ചുപൂട്ടിയതായും തനിക്ക് ലഭിച്ച ട്രാക്കിംഗ് ഐഡി വ്യാജമാണെന്നും കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയെന്നും ഉല്‍പ്പന്നം വിതരണം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും സെല്ലര്‍ ഡീറ്റെയില്‍സ് ഇല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി ആമസോണിനെതിരെ പരാതി നല്‍കിയത്. യുവതിയുടെ വാദങ്ങള്‍ മുംബൈ ഉപഭോക്തൃ കോടതി ശരിവെച്ചു. ശീതളിന് നഷ്ടപരിഹാരമായി 30,000 രൂപയും കോടതി ചെലവിനായി 10,000 രൂപയും നല്‍കാനാണ് കോടതി ഉത്തരവിട്ടത്.
Content Highlights: Court fines Amazon Rs 40,000 for not delivering Rs 100 rakhi ordered online